ഇരുട്ടിന്‍റെ മറവിൽ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് അതിർത്തി സുരക്ഷാ വേലിയിലേക്ക് നീങ്ങുന്ന നുഴഞ്ഞുകയറ്റക്കാരൻ ബിഎസഎഫിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഫിറോസ്പുര്‍: പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ഒരു പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി. ഔദ്യോഗിക സൈനിക വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 7 - 8 രാത്രിയിലാണ് സംഭവം. ഇരുട്ടിന്‍റെ മറവിൽ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് അതിർത്തി സുരക്ഷാ വേലിയിലേക്ക് നീങ്ങുന്ന നുഴഞ്ഞുകയറ്റക്കാരൻ ബിഎസഎഫിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ജവാന്മാര്‍ ആദ്യം മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാൾ മുന്നോട്ട് നീങ്ങിയതോടെയാണ് വെടിയുതിർത്തതെന്ന് സൈന്യം അറിയിച്ചു. 

ബിഎസ്എഫ് പെട്ടെന്ന് തന്നെ നിർണ്ണായകമായി പ്രവർത്തിക്കുകയും അതിർത്തിയുടെ തന്ത്രപ്രധാനമായ ഭാഗത്ത് കർശനമായ ജാഗ്രത പുലർത്തുകയും ചെയ്തുവെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. വെളുപ്പിന് നുഴഞ്ഞുകയറ്റക്കാരന്റെ മൃതദേഹം കണ്ടെടുത്ത് പ്രാദേശിക പൊലീസ് അധികൃതർക്ക് കൈമാറി.

ഏപ്രിൽ 22 ന് 26 സാധാരണക്കാരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സമയത്താണ് ഈ സംഭവം. ഇതിന് പ്രതികരണമായി ഇന്ത്യ ബുധനാഴ്ച പുലർച്ചെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഒമ്പത് ഭീകര ലക്ഷ്യങ്ങളിൽ കൃത്യമായ സൈനിക ആക്രമണം നടത്തി. പിന്നാലെ ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാകിസ്ഥാന്‍റെ ഭാ​ഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാൽ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. 

ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തു‌ടർന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്‍റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി. ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ തകർത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണ നീക്കം ഉണ്ടായത്.