ഹെലികോപ്റ്റര്‍ തകര്‍ന്നത് ബദ്ഗാമില്‍ കഴിഞ്ഞ 27 ന്. അപകടത്തിന് തൊട്ടു മുന്പ് മിസൈൽ പ്രയോഗിച്ചിരുന്നു.മിസൈല്‍ തൊടുത്ത് വിട്ടത് ഇന്ത്യന്‍ സേന തന്നെ.പാക്കിസ്ഥാന്‍റെതെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചതാണോ എന്ന് സംശയം. പ്രതിരോധ നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടോയെന്ന് അന്വേഷിക്കുന്നു

ശ്രീനഗര്‍: കശ്മീരിലെ ബദ്ഗാമില്‍ കഴിഞ്ഞ മാസം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതിലെ ദൂരൂഹത ശക്തമാകുന്നു. ഹെലികോപ്റ്റർ തകർന്നു വീഴുന്നതിന് തൊട്ടു മുമ്പ് ഇന്ത്യൻ സൈനികർ തന്നെ ഒരു മിസൈൽ പ്രയോഗിച്ചിരുന്നു എന്ന് പ്രമുഖ ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ടു ചെയ്തു.
ബാലക്കോട്ടെ ഭീകരക്യാമ്പുകള്‍ വ്യോമസേന ആക്രമിച്ചത് കഴിഞ്ഞ മാസം 26 ന്. പിറ്റേന്ന് കശ്മീരിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് പാക്കിസ്ഥാന്‍റെ എഫ് 16 വിമാനങ്ങള് അതിര്‍ത്തി കടന്നു. 

വ്യേമസേന പാക് നീക്കം ചെറുത്തു. ഇതിനിടെയാണ് ബദ്ഗാമിൽ എം ഐ 17 വി 5 സൈനിക ഹെലികോപ്റ്റര് ദുരൂഹസാഹചര്യത്തില്‍ തകര‍്‍ന്നുവീണത്. കോപ്റ്ററിലുണ്ടായിരുന്ന ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. ഹെലികോപ്റ്റര്‍ തകര്‍ന്നതില്‍ പങ്കില്ലെന്ന് പാക്കിസ്ഥാന്‍ അന്ന് തന്നെ വ്യക്തമാക്കി. അത്യാധുനിക സൈനിക ഹെലികോപ്റ്ററായ എം ഐ 17 ,സാങ്കേതികകരാര്‍ മൂലം തകര്‍ന്നുവീഴാന്‍ സാധ്യതയില്ലെന്ന് വിദഗ്ദരും വിലയിരുത്തി. 

വ്യോമസേനയുടെ അന്വേഷണം ഇക്കാര്യത്തിൽ തുടരുകയാണ് പാകിസ്ഥാന്‍റെ 25 പോര്‍ വിമാനങ്ങള്‍ രാവിലെ അതിര്‍ത്തിയില്‍ യുദ്ധ സന്നാഹം തുടങ്ങിയെന്ന വിവരം ലഭിച്ചതോടെ ജമ്മു കാശ്മീരില്‍ വ്യോമ പ്രതിരോധ സംവിധാനം ഏര്പ്പെടുത്താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പാക്കിസ്ഥാന്‍റെ പൈലറ്റ് രഹിത വിമാനങ്ങളും ആക്രമണത്തിന് നിയോഗിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. താമസിയാതെ ഇസ്രായേല്‍ നിര്‍മിത മിസൈല്‍ തൊടുത്തു വിട്ടു. 

തൊട്ടു പിന്നാലെ ആയിരുന്നു ഹെലികോപ്റ്റര്‍ തകര്‍ന്നത്. പാക്കിസ്ഥാന്‍റെതെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യയുടെ ഹെലികോപ്റ്റര്‍ തന്നെ ആക്രമിക്കുകയായിരുന്നുവോ എന്നതും അന്വേഷണ വിധേയമാണെന്ന് ഇംഗ്ലീഷ് ദിനപത്രം പുറത്തു വിട്ട റിപ്പോർട്ടില്‍ പറയുന്നു. പ്രതിരോധ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. വീഴ്ച കണ്ടെത്തിയാല്‍ ഏത് തലത്തിലുള്ള ഉദ്യോഗസ്ഥനായാലും നടപടിയുണ്ടാകുമെന്നാണ് സൈനിക വൃത്തങ്ങല്‍ വ്യക്തമാക്കുന്നത്.