ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായ ഇറാനിൽ നിന്ന് ഏകദേശം പതിനായിരത്തോളം ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. ഇറാൻ വ്യോമാതിർത്തി അടച്ചതോടെ, വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി.

ടെഹ്റാൻ: ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായ ഇറാനിൽ, അമേരിക്ക ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹം പരന്നതോടെ ഇന്ത്യാക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. ഏകദേശം പതിനായിരത്തോളം ഇന്ത്യാക്കാർ ഇറാനിലുണ്ടെന്നാണ് നിഗമനം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. ടെഹ്‌റാനിലെയും ഇസ്ഫഹാനിലെയും മെഡിക്കൽ കോളേജുകളിലടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇതിന് പുറമെ തീർത്ഥാടകരായി ഇറാനിലെത്തിയവരും ഇവിടെയുണ്ടെന്നാണ് കേന്ദ്രസർക്കാരിൻ്റെ വിലയിരുത്തൽ.

ഇറാൻ ഇന്ന് വ്യോമാതിർത്തി അടച്ചതോടെയാണ് ആശങ്ക ഉയർന്നത്. പശ്ചിമേഷ്യയിലാണ് ആശങ്ക ഉയർന്നിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരോട് ഇറാനിലേക്ക് പോകരുതെന്നും ഇറാനിലുള്ളവരോട് ഉടൻ മടങ്ങാനും നിർദേശം വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിൽ ഇന്ത്യാക്കാർ പോകരുതെന്നും മുന്നറിയിപ്പുണ്ട്. വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഇന്ത്യൻ എംബസിയിൽ നിന്ന് ബന്ധപ്പെട്ടു. ഇവരിൽ ഭൂരിഭാഗവും എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നാളെ രാവിലെയോടെ ആദ്യ ബാച്ച് ഇന്ത്യൻ സംഘത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി തയ്യാറായി നിൽക്കാൻ ഇന്ത്യാക്കാർക്ക് എംബസിയിൽ നിന്ന് നിർദേശം നൽകിയിട്ടുണ്ട്.

വരും ദിവസങ്ങളിൽ, എല്ലാ വിദ്യാർത്ഥികളെയും തിരികെ കൊണ്ടുവരുമെന്നാണ് അറിയിപ്പ്. +989128109115, +989128109109, +989128109102, +989932179359 എന്നീ നമ്പറുകളിൽ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം. ഇതിൽ ലഭ്യമാകുന്നില്ലെങ്കിൽ cons.tehran@mea.gov.in എന്ന ഇമെയിൽ ഐഡി ഉപയോഗിച്ചും ബന്ധപ്പെടാവുന്നതാണ്.