Asianet News MalayalamAsianet News Malayalam

ബജറ്റ് സമ്മേളനം തുടങ്ങുന്നു; 'കര്‍ഷകർക്കൊപ്പം' പ്രഖ്യാപിച്ച് നയപ്രഖ്യാപനമടക്കം പ്രതിപക്ഷം ബഹിഷ്കരിക്കും

രണ്ടുമാസത്തിലധികം നീണ്ടു നിൽക്കുന്ന ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുമ്പോൾ 16 പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്ക്കരിക്കുമെന്ന് സംയുക്ത പ്രസ്താവന ഇറക്കി

budget session begins today in Parliament; opposition will boycott the policy announcement of President of india
Author
New Delhi, First Published Jan 29, 2021, 12:32 AM IST

ദില്ലി: പാര്‍ലമെന്‍റ്  ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം തുടങ്ങുക. കര്‍ഷക പ്രക്ഷോഭം ആളിക്കത്തി നിൽക്കുന്ന സാഹചര്യത്തിൽ ബജറ്റ് സമ്മേളനം കേന്ദ്രസര്‍ക്കാരിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തലുകൾ. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ശിരോമണി അകാലിദളും പ്രസംഗം ബഹിഷ്കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ലമെന്‍റ് നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

രണ്ടുമാസത്തിലധികം നീണ്ടു നിൽക്കുന്ന ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുമ്പോൾ 16 പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്ക്കരിക്കുമെന്ന് സംയുക്ത പ്രസ്താവന ഇറക്കി. കർഷകസമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അക്രമം ദുഖകരമാണ്. എന്നാൽ സമരം തകർക്കാനുള്ള കേന്ദ്രസർക്കാരിൻറെ ഹീന ശ്രമങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോൺഗ്രസും ഇടതുപാർട്ടികളും തൃണൂൽ കോൺഗ്രസും ഒക്കെ ഒപ്പു വച്ച പ്രസ്താവന പറയുന്നു. ഇതിനു പുറമെ ആം ആദ്മി പാർട്ടി, അകാലിദൾ എന്നീ കക്ഷികളും ബഹിഷ്ക്കരണം പ്രഖ്യാപിച്ചിട്ടുണ്ട്

നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിക്കുന്ന പ്രതിപക്ഷം ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി പാർലമെൻറിൽ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഭവങ്ങള്‍ അറിയിക്കുന്നതിന് രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച ഉണ്ടായോ എന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നാണ് ആവശ്യം. ചെങ്കോട്ട സംഭവത്തിൽ ഗൂഢാലോചനയുണ്ടായിരുന്നോ എന്നറിയാൻ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

ബജറ്റ് അവതരണത്തിലുടനീളം പ്രതിഷേധിക്കുന്നതും പരിഗണനയിലുണ്ട്. നിയമങ്ങൾ പിൻവലിക്കാനുള്ള നടപടി ആദ്യം വേണമെന്നാവശ്യപ്പെടാനാണ് ധാരണ. ഏറ്റുമുട്ടലിന് പ്രതിപക്ഷം ഒരുങ്ങുമ്പോൾ ചെങ്കോട്ട് അക്രമം ചൂണ്ടിക്കാട്ടി പ്രതിരോധത്തിനാണ് സർക്കാർ നീക്കം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കൊടുവിൽ നിയമങ്ങളെക്കുറിച്ചുള്ള സർക്കാർ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും. ചെങ്കോട്ടയിലെ അക്രമം സഭ അപലപിക്കണമെന്ന് ആവശ്യപ്പെടാനാണ് ബിജെപി നീക്കം.

Follow Us:
Download App:
  • android
  • ios