ഷിംല: കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ സോളനിൽ കെട്ടിടം തകർന്നു വീണ് രണ്ടുപേര്‍ മരിച്ചു. മരിച്ച രണ്ടുപേരില്‍ ഒരാള്‍ സൈനികനാണ്. അപകടത്തില്‍പ്പെട്ട 23 പേരെ രക്ഷപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം. ഷിംലയിലെ സോളനില്‍ ഇന്ന് വൈകിട്ടോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. 

സോളനിലെ ഒരു ഭക്ഷണശാലയാണ് തകര്‍ന്നുവീണത്. മുപ്പത് സൈനികരും ഏഴ് പ്രദേശവാസികളും സംഭവസമയത്ത് ഭക്ഷണശാലയില്‍ ഉണ്ടായിരുന്നു. രക്ഷപെടുത്തിയ 23 പേരില്‍ 18 പേര്‍ സൈനികരാണ്. പതിനാലുപേര്‍ ഇവിടെ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരം. 

സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ് റാം പറഞ്ഞു.