ഈ മാസം തന്നെ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ് ഇത്. അതുല്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് ട്രാക്കിലേക്ക് കയറിയ കാളയെയാണ് വന്ദേഭാരത് ട്രെയിന്‍ ഇടിച്ചത്.

കാളയെ ഇടിച്ച് വന്ദേ ഭാരത് ട്രെയിന് തകരാറ്. മുംബൈ സെന്‍ട്രലില്‍ നിന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് പുറപ്പെട്ട സെമി ഹൈ സ്പീഡ് ട്രയിനാണ് ഗുജറാത്തിലെ വല്‍സദ് ജില്ലയിലെ അതുലില്‍ വച്ചാണ് കാലിയെ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വ്വീസ് 15 മിനിറ്റോളം തടസപ്പെട്ടു. ശനിയാഴ്ച രാവിലെ 8.17ഓടെയായിരുന്നു സംഭവം. ഈ മാസം തന്നെ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ് ഇത്.

അതുല്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് ട്രാക്കിലേക്ക് കയറിയ കാളയെയാണ് വന്ദേഭാരത് ട്രെയിന്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്‍റെ മുന്‍ഭാഗം തകര്‍ന്നു. ഇത്തരം അപകടങ്ങളില്‍ ട്രെയിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് ആഘാതമുണ്ടാവാതിരിക്കാനായുള്ള പ്രത്യേക രൂപ കല്‍പനയാണ് വന്ദേഭാരത് ട്രെയിനിനുള്ളത്. അതിനാല്‍ തന്നെ ഇത് വളരെ വേഗം തന്നെ മാറ്റി വയ്ക്കാനാവുമെന്ന് റെയില്‍വേ അധികൃതര്‍ വിശദമാക്കുന്നത്.

Scroll to load tweet…

കാലിക്കൂട്ടത്തെ ഇത്തരത്തില്‍ റെയില്‍വേ ട്രാക്കുകളുടെ സമീപത്തേക്ക് തുറന്ന് വിടാതിരിക്കാനായി സമീപ ഗ്രാമങ്ങളിലെ ആളുകളെ ബോധവല്‍ക്കരിക്കുകയാണെന്ന് വെസ്റ്റേണ്‍ റെയില്‍വേ പിആര്‍ഒ സുമിത് താക്കൂര്‍ വിശദമാക്കി. സമാനമായ അപകടങ്ങള്‍ പതിവായതോടെ ഗാന്ധിനഗര്‍ അഹമ്മദാബാദ് മേഖലയില്‍ ട്രാക്കിന് സമീപം വേലി നിര്‍മ്മിക്കുന്ന പ്രവര്‍ത്തനം കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.

ഈ മേഖലയിലെ ട്രെയിനിന്‍റെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാക്കാനും ധാരണയായിട്ടുണ്ട്. മാര്‍ച്ച് 2024ഓടെ വേലി കെട്ടുന്നത് പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരം ആനന്ദ് സ്റ്റേഷന് സമീപത്ത് വച്ച് വന്ദേഭാരത് ട്രെയിന്‍ പശുവിനെ ഇടിച്ചിരുന്നു. നാല് പോത്തുകളെ ഇടിച്ച് സര്‍വ്വീസ് താമസിച്ചതിന് ഒരു ദിവസത്തിന് ശേഷമായിരുന്നു ഇത്.