ത്യാഗിയുടെ അനധികൃത നിര്‍മ്മാണങ്ങൾ ബുൾഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ആളുകൾ കരഘോഷത്തോടെയാണ് ഏറ്റെടുത്തത്.

നോയിഡ : ഉത്തര്‍പ്രദേശിലെ നോയി‍ഡയിൽ സ്ത്രീയെ അപമാനിച്ചെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് ശ്രീകാന്ത് ത്യാഗിയുടെ കയ്യേറ്റം ഒഴിപ്പിച്ച് യുപി സര്‍ക്കാര്‍. നോയിഡ ഹൗസിംഗ് സൊസൈറ്റിയിലെ ശ്രീകാന്ത് ത്യാഗിയുടെ ഫ്ളാറ്റുകളാണ് ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ച് നിരത്തിയത്. കയ്യേറ്റത്തെ കുറിച്ച് ചോദ്യം ചെയ്ത സ്ത്രീയെ ത്യാഗി ദേഹോപദ്രവം ഏൽപ്പിക്കുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു. സ്ത്രീയെ ആക്രമിക്കാൻ ത്യാഗി ഗുണ്ടാ സംഘത്തെ നിയോഗിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുപി സര്‍ക്കാരിന്റെ നടപടി.

ത്യാഗിയുടെ അനധികൃത നിര്‍മ്മാണങ്ങൾ ബുൾഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ആളുകൾ കരഘോഷത്തോടെയാണ് ഏറ്റെടുത്തത്. ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടിയിൽ അതീവ സന്തുഷ്ടരെന്നും അയാളുടെ പെരുമാറ്റത്തിലും അനധികൃത നിര്‍മ്മാണത്തിലും പൊറുതിമുട്ടിയിരുന്നുവെന്നും ഇവിടുത്തെ താസമക്കാര്‍ പറഞ്ഞു. 

അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ട് ത്യാഗിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സ്വാധീനം ഉപയോഗിച്ച് ഇയാൾ നടപടി തട‌ഞ്ഞുവച്ചിരിക്കുകയായിരുന്നു. ത്യാഗിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് ബിജെപി. ത്യാഗി പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്നും ബിജെപി അവകാശപ്പെട്ടു. 

നിയമ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് പറഞ്ഞു. നിലവിൽ ഒളിവിൽ കഴിയുന്ന ത്യാഗിക്ക് എതിരെ സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമമടക്കം ചുമത്തി കേസെടുത്തു. ഗുണ്ടാ നിയമവും ശ്രീകാന്ത് ത്യാഗിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. 

Scroll to load tweet…