Asianet News MalayalamAsianet News Malayalam

ബുറേവിയിൽ തമിഴ്നാട്ടിൽ 19 മരണം; കേരളത്തിൽ ജാഗ്രത തുടരുന്നു

അതിതീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. 

burevi still in gulf of mannar heavy rain expected in some areas in Kerala Tamil Nadu reports deaths
Author
Chennai, First Published Dec 5, 2020, 11:14 AM IST

ചെന്നൈ: ബുറേവി ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ 19 മരണം. കടലൂർ അടക്കം തെക്കൻ ജില്ലകളിൽ വ്യാപകകൃഷിനാശമാണ് റിപ്പോർ‍ട്ട് ചെയ്യപ്പെടുന്നത്. നിരവധി വീടുകൾ തകർന്നു. കേരളത്തിൽ ജാഗ്ര തുടരണമെന്നാണ് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രത്തിന്റെ നിർദ്ദേശം. സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട് മത്സ്യബന്ധനത്തിന് ഇന്നും വിലക്കുണ്ട്. 

മാന്നാർ കടലിടുക്കിൽ എത്തിയ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 30  മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40  കിമീ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിമീ  ദൂരത്തിലുമാണ്. നിലവിൽ അതിതീവ്ര ന്യൂനമർദത്തിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 40 മുതൽ 50 കിമീ വരെയും ചില അവസരങ്ങളിൽ 60 കിമീ വരെയുമാണ്.

അതിതീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. 

കേരളത്തിനുള്ള മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം അതിതീവ്ര ന്യൂനമർദം അടുത്ത 36 മണിക്കൂറിൽ കൂടുതൽ ദുർബലമാകും. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്‌നാട്ടിൽ വെച്ച് തന്നെ ന്യൂനമർദത്തിലെ കാറ്റിൻറെ വേഗത മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വേഗത മാത്രമായി മാറാനാണ് സാധ്യത.

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. ഇന്ന് രാത്രി മുതൽ 12 മണിക്കൂർ നേരത്തേക്ക് തെക്കൻ കേരളത്തിൽ മണിക്കൂറിൽ ഏകദേശം 35 മുതൽ 45 വരെ കിമീ വേഗതയുള്ള കാറ്റ് ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.

ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. 

Follow Us:
Download App:
  • android
  • ios