ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം; 19 പേർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം; ദുരന്തം ജമ്മുകശ്മീരിലെ ദോഡയില്‍
300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. 55 പേരാണ് ബസിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക നിഗമനം.

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡയിൽ ബസപകടത്തിൽ 36 മരണം. 55 യാത്രക്കാരുമായി വരികയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. പരിക്കേറ്റ പത്തൊമ്പത് പേർ ചികിത്സയിലാണ്. ഇന്ന് ഉച്ചയോടെ കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ദോഡ ജില്ലയിലെ അസർ മേഖലയിൽ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. 300 അടി താഴ്ച്ചയിലേക്കാണ് ബസ് പതിച്ചത്. വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായിയെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാരും പോലീസും നടത്തിയ രക്ഷാപ്രവർത്തനത്തിൽ 19 പേരെ പരിക്കുകളുമായി പുറത്തെടുത്തു. അപകടത്തിൽപെട്ട ബസിന് മതിയായ രേഖകളിലില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. പരിക്കേറ്റവരെ കിഷ്ത്വാറിലെ ജില്ല ആശുപത്രിയിലും ദോഡ സർക്കാർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അപകടത്തിൽ രാഷ്ട്രപതി ദ്രൌപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും കേന്ദ്ര സർക്കാർ സഹായധനം പ്രഖ്യാപിച്ചു.
സെല്‍ഫി ചോദിച്ചുചെന്ന ആരാധകന്‍റെ തലയ്ക്കടിച്ച് നാന പടേക്കര്‍; വീഡിയോ വൈറല്‍, പ്രതിഷേധം