പട്ന: ​ബിഹാറിന്റെ തലസ്ഥാനമായ പട്നയിൽ നിന്ന് 120 കിലോമീറ്റ‌ർ അകലെയാണ് ബക്സർ. ​ഗം​ഗാ തീരത്തുള്ള ഈ പട്ടണത്തിലാണ് ബക്സർ സെൻട്രൽ ജയിൽ. ഗംഗാതീരത്ത് സ്ഥിതി ചെയ്യുന്ന ജയിലിന്‍റെ അന്തരീക്ഷത്തിൽ ഈ‌ർപ്പത്തിന്റെ അളവ് 60 ശതമാനത്തിലും കൂടുതലാണ്. ഇവിടെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ തൂക്കിലേറ്റാനുള്ള കയറുകൾ നി‌ർമ്മിക്കുന്നത്. റിപ്പോ‌ർട്ടുകൾ ശരിയാണെങ്കിൽ നിർഭയ കേസ് പ്രതികളെ തൂക്കികൊല്ലാനുള്ള കയറാണ് ബക്സർ ജയിലിലെ തടവുകാ‌‌ർ ഇപ്പോൾ നി‌ർമ്മിച്ചുകൊണ്ടിരിക്കുന്നത്.

ബക്സർ സെൻട്രൽ ജയിൽ

പാ‌ർലമെന്റ് ആക്രമണ കേസ് പ്രതിയായ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാനും മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മൽ കസബിനെയും തൂക്കിലേറ്റാൻ ബക്സർ ജയിലിൽ നി‌ർമ്മിച്ച തൂക്കുകയറാണ് ഉപയോഗിച്ചത്. 2013 ഫെബ്രുവരി 9ന് അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത്. എന്നാൽ ഇതിനുള്ള കയർ അതിനും ആറ് വർഷം മുമ്പേ തയ്യാറാക്കിയിരുന്നു. 

ഗംഗാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ബക്സർ ജയിൽ തൂക്കു കയറുകൾ നിർമ്മിക്കുന്നതിൽ പണ്ടേ 'പ്രസിദ്ധമാണ്'. നേരത്തെ മനില കയറുകൾ എന്ന പേരിലായിരുന്നു ഇവിടെ നിന്ന് നിർമ്മിക്കുന്ന കയറുകൾ അറിയപ്പെട്ടിരുന്നത്. 1930 മുതൽ ഇവിടെ തൂക്കിലേറ്റാനുള്ള കയറുകൾ നി‌ർമ്മിക്കുന്നുണ്ട്. തടവുപുള്ളികൾ തന്നെയാണ് കയറുണ്ടാക്കുന്നത്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാൻ ഉപയോഗിച്ച കയറിന് അന്നത്തെ നിരക്കനുസരിച്ച് 1725 രൂപയാണ് ചെലവായത്. നിലവിൽ നിർമ്മാണ വസ്തുക്കളുടെ വില കൂടിയതിനാൽ ചെലവ് കൂടും. 

തൂക്കാൻ പോകുന്ന കുറ്റവാളിയുടെ ഉയരവും ഭാരവുമെല്ലാം കണക്കാക്കിയാണ് തൂക്കിലേറ്റേണ്ട കയർ ഉണ്ടാക്കുന്നത്. തൂക്കിലേറ്റപ്പെടാൻ പോകുന്ന വ്യക്തിയുടെ ഉയരത്തെക്കാൾ 1.6 മടങ്ങ് നീളമുള്ള കയറാണ് തൂക്കാൻ വേണ്ടത്. ഭട്ടിൻഡയിലെ കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നാണ് കയറുണ്ടാക്കാൻ ആവശ്യമായ പരുത്തി കൊണ്ട് വരുന്നത്. ജെ 34 വിഭാഗത്തിൽ പെട്ട പരുത്തിയാണ് കയറുണ്ടാക്കാൻ ഉപയോഗിക്കുക. ബക്സറിൽ നിർമ്മിച്ചിരുന്ന മനില ‌ കയറുകളുപയോഗിച്ച് നടത്തിയ ഒരു വധശിക്ഷയും പരാജയപ്പെട്ടിട്ടില്ല. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാൻ ഉപയോഗിച്ച കയറിന് 3.75 കിലോഗ്രാം ഭാരവും 600 മീറ്റർ ഉയരവുമുണ്ടായിരുന്നുവെന്നാണ് ജയിൽ അധികൃതർ പറയുന്നത്.

തെരഞ്ഞെടുക്കപ്പെട്ട തടവുപുള്ളികൾ ചേർന്നാണ് തൂക്കുകയർ നിർമ്മിക്കുന്നത്. ഇതിനായി യന്ത്രസംവിധാനങ്ങളൊന്നുമില്ല. തടവുപുള്ളികൾ കൈകൊണ്ടാണ് കയറ് പിരിക്കുന്നത്. അന്തരീക്ഷ ഈർപ്പം തൂക്കുകയറുകൾ നി‌‌‌ർമ്മിക്കാൻ ഏറെ അത്യാവശ്യമാണ്. കയറുകൾ മിനുസമായി ഇരിക്കുന്നതിനും ഏറെ നേരം ശരീരം തൂക്കി നിൽക്കുമ്പോൾ പൊട്ടാതിരിക്കാനും നി‌ർമ്മാണ സമയത്തെ അന്തരീക്ഷ ഈ‌ർപ്പം സഹായിക്കും. 67 ശതമാനത്തോളമാണ് ബക്സറിലെ വായുവിലെ ഈ‌ർപ്പത്തിന്റെ തോത്. 

നേരത്തെ ബക്സറിൽ മാത്രമാണ് തൂക്കുകയറുകൾ നി‌ർമ്മിച്ചിരുന്നതെങ്കിലും ഇപ്പോൾ മറ്റ് ചില ജയിലുകളിലും കയർ നി‌ർമ്മാണം നടക്കുന്നുണ്ട്. 

" ഉയരമുള്ള കമ്പിവലയിട്ട ചുവന്ന മതിലുകൾ, ചുറ്റോടുചുറ്റ് കത്തുന്ന തെരുവുവിളക്കുകൾ. അതിനുള്ളിലെവിടെയോ ഈട്ടിത്തടിയിൽ തീർത്ത തൂക്കുമരം. ഉയരമുള്ള തൂണിൽ നിന്ന് താഴേക്ക് നീളുന്ന കയർ. വെളുത്ത വട്ടം വരച്ച കറുത്ത പലക. എന്‍റെ അച്ഛന്‍റെയും മുത്തച്ഛന്‍മാരുടെയും കൈത്തലം ഉരുമ്മി ഉരുമ്മി മിനുസമായ ലിവർ. അതു വലിക്കുമ്പോൾ പൊട്ടിപ്പിളരുന്ന പലകയ്ക്കിടയിൽ പ്രത്യക്ഷപ്പെടുന്ന ഇരുട്ടുനിറഞ്ഞ നിലവറ. ലിവർ വലിക്കുമ്പോഴുള്ള ശബ്ഗം ആകാശത്തും ഭൂമിയിലും പെരുമ്പപോലെ പ്രതിധ്വനിക്കും. അതാണ് മരണത്തിന്‍റെ ശബ്ദം ".  ആരാച്ചാർ ( കെ ആർ മീര )