ദില്ലി: പൗരത്വ നിയമ ഭേദഗതിയില്‍ സഖ്യകക്ഷികളും കൈവിടുന്നതോടെ ഒറ്റപ്പെട്ട് ബിജെപി. നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് സഖ്യകക്ഷികള്‍ നിലപാട് മാറ്റി രംഗത്തെത്തിയത്. ചില സഖ്യകക്ഷികള്‍ ജനരോഷം ഭയന്ന് മൗനം പാലിക്കുകയുമാണ്. ഇതോടെ നിയമത്തെ പ്രതിരോധിക്കേണ്ട ചുമതല ബിജെപിയില്‍ മാത്രമൊതുങ്ങി.

അസമിലാണ് ബിജെപി കൂടുതല്‍ വെട്ടിലായത്. പ്രധാന സഖ്യകക്ഷിയായ അസം ഗുണ പരിഷത്ത്(എജിപി) ബിജെപിക്കെതിരെ രംഗത്തു വന്നു. നിയമത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും എജിപി നേതാക്കള്‍ പറഞ്ഞു. അസം ബിജെപിയില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടരുകയാണ്. അണികളും പ്രാദേശിക നേതാക്കളും രംഗത്തെത്തിയതോടെയാണ് എജിപി നിയമത്തിനെതിരെ ശക്തമായി രംഗത്തെത്തിയത്.

ബിഹാറിലും ബിജെപിയുടെ നില പരുങ്ങലിലാണ്. സഖ്യകക്ഷിയായ ജെഡിയു നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നുവെന്നും ബിഹാറില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ജെഡിയു വൈസ് പ്രസിഡന്‍റ് പ്രശാന്ത് കിഷോര്‍ നിയമത്തിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ബില്ലിനെതിരെ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്നും പ്രശാന്ത് ഭീഷണി മുഴക്കി. പിന്നീടാണ് നിലപാട് വ്യക്തമാക്കി ജെഡിയു രംഗത്തെത്തിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മിക്ക സഖ്യകക്ഷികളും നിയമത്തിനെതിരെ രംഗത്തുവന്നതും ബിജെപിക്ക് തിരിച്ചടിയായി. 

മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയല്ലെങ്കിലും ബിജെപിയോട് പ്രത്യയ ശാസ്ത്ര അടുപ്പം പുലര്‍ത്തുന്ന ശിവസേന മൗനത്തിലാണ്. ലോക്സഭയില്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തെങ്കിലും രാജ്യസഭയില്‍ ശിവസേന വിട്ടുനിന്നു. പിന്നീട് ശിവസേന നിലപാട് വ്യക്തമാക്കിയിട്ടില്ല. ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളായ ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തെങ്കിലും പിന്നീട് മൗനം തുടര്‍ന്നു.