''സിഎഎ-എന്‍ആര്‍സി നിയമങ്ങള്‍ ഒരിക്കലും ഇന്ത്യന്‍ പൗരന്മാരെ ബാധിക്കില്ല. സിഎഎ ഒരിക്കലും ഇന്ത്യയിലെ മുസ്ലിം പൗരന്മാര്‍ക്ക് ഉപദ്രവമുണ്ടാക്കില്ല. ചിലര്‍ രാഷ്ട്രീയ നേട്ടത്തിനായി ഇത് ഹിന്ദു-മുസ്ലിം പ്രശ്‌നമായി പ്രചരിപ്പിക്കുന്നു. എന്നാല്‍ ഈ നിയമങ്ങള്‍ ഒരിക്കലും ഹിന്ദു-മുസ്ലിം പ്രശ്‌നമല്ല''-അദ്ദേഹം പറഞ്ഞു. 

ദില്ലി: സിഎഎ-എന്‍ആര്‍സി (പൗരത്വ നിയമ ഭേദഗതി-ദേശീയ പൗരത്വ രജിസ്റ്റര്‍) രാജ്യത്തെ മുസ്ലീം പൗരന്മാരെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. നാനി ഗോപാല്‍ മഹന്ത എഴുതിയ സിറ്റസന്‍ഷിപ്പ് ഡിബേറ്റ് ഓവര്‍ എന്‍ആര്‍സ് ആന്‍ഡ് സിഎഎ, അസം ആന്‍ഡ് പൊളിറ്റിക്‌സ് ഓഫ് ഹിസ്റ്ററി എന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

''സിഎഎ-എന്‍ആര്‍സി നിയമങ്ങള്‍ ഒരിക്കലും ഇന്ത്യന്‍ പൗരന്മാരെ ബാധിക്കില്ല. സിഎഎ ഒരിക്കലും ഇന്ത്യയിലെ മുസ്ലിം പൗരന്മാര്‍ക്ക് ഉപദ്രവമുണ്ടാക്കില്ല. ചിലര്‍ രാഷ്ട്രീയ നേട്ടത്തിനായി ഇത് ഹിന്ദു-മുസ്ലിം പ്രശ്‌നമായി പ്രചരിപ്പിക്കുന്നു. എന്നാല്‍ ഈ നിയമങ്ങള്‍ ഒരിക്കലും ഹിന്ദു-മുസ്ലിം പ്രശ്‌നമല്ല''-അദ്ദേഹം പറഞ്ഞു. വിഭജനത്തിന് ശേഷം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഇന്ത്യ ഉറപ്പ് നല്‍കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

''ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകില്ലെന്ന വാക്ക് ഇന്ത്യ ഇതുവരെ തുടര്‍ന്നു. പക്ഷേ പാകിസ്ഥാന്‍ പാലിച്ചില്ല. വിഭജന സമയത്ത് ഇന്ത്യന്‍ ജനതയുടെ അഭിപ്രായം മാനിക്കപ്പെട്ടില്ല. സമവായം തേടിയിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു. പക്ഷേ നേതാക്കള്‍ തീരുമാനമെടുത്തു, ജനം സ്വീകരിച്ചു. വലിയ വിഭാഗം ജനം വിഭജനം കാരണം വീട് നഷ്ടപ്പെട്ടവരായി. ഇപ്പോഴും ചിലര്‍ പുറന്തള്ളപ്പെടുന്നു. എന്താണ് അവര്‍ ചെയ്ത തെറ്റ്. അവരെക്കുറിച്ച് ആര് ചിന്തിക്കും. അവരെ സഹായിക്കുക എന്നത് നമ്മുടെ ധാര്‍മ്മിക കടമയാണ്''-മോഹന്‍ ഭാഗവത് പറഞ്ഞു.

ആരൊക്കെയാണ് രാജ്യത്തെ പൗരന്മാരെന്ന് മനസ്സിലാക്കുകയാണ് എന്‍ആര്‍സികൊണ്ട് ലക്ഷ്യമിടുന്നത്. ഇത് പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെക്യുലറിസം, സോഷ്യലിസം എന്നിവ മറ്റുള്ളവരില്‍ നിന്ന് പഠിക്കേണ്ട ആവശ്യം നമുക്കില്ല. നമ്മുടെ പാരമ്പര്യമാണത്. വസുധൈവ കുടുംബകം എന്നാണ് നമ്മുടെ പാരമ്പര്യം. മറ്റു മതങ്ങളോട് യാതൊരു പ്രശ്‌നവും ഇന്ത്യക്കാര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona