ദില്ലി: വന്ദേമാതരം അം​ഗീകരിക്കാത്തവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്ന വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി രം​ഗത്ത്. രാജ്യത്തെ രണ്ടായി വിഭജിച്ച് കോണ്‍ഗ്രസ് ചെയ്ത പാപത്തിനുളള പ്രായച്ഛിത്തമാണ് പൗരത്വ ഭേദഗതി നിയമം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാൻ, അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും മതപീഡനത്തെ ഭയന്ന് ഇന്ത്യയിൽ അഭയാർത്ഥികളായെത്തിയ മുസ്ലീം വിഭാ​ഗത്തിൽ പെടാത്ത ന്യൂനപക്ഷങ്ങൾക്ക് പൗരത്വ നിയമ ഭേദ​ഗതിയിലൂടെ പൗരത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കേണ്ടതായിരുന്നു. നമ്മുടെ പൂർവ്വികർ, തെരഞ്ഞെടുത്ത ചില നേതാക്കൾ ചെയ്ത പാപത്തിന്റെ പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണ് പൗരത്വ നിയമ ഭേദ​ഗതി. രാജ്യത്തെ വിഭജിച്ച് അവർ ചെയ്ത പാപത്തിന് പ്രായശ്ചിത്തം ചെയ്യുന്നതാണിത്. പ്രധാനമന്ത്രി മോദിയെ ഇക്കാര്യത്തിൽ അഭിനന്ദിക്കണം. കോൺ​ഗ്രസ് പാപം ചെയ്തു. ഞങ്ങളതിന് പരിഹാരം ചെയ്യുകയാണ്. സാരം​ഗി പറഞ്ഞു.

മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചത് ഒഴിവാക്കാന്‍ സാധിക്കാത്തത് ആയിരുന്നില്ല. രാജ്യത്തെ രണ്ടായി മുറിക്കാനുളള സിദ്ധാന്തം മുന്നോട്ട് വെച്ചവരുമായി ജവഹര്‍ലാല്‍ നെഹ്രു എന്തിന് കരാറിലെത്തിയെന്നും കേന്ദ്ര മന്ത്രി ചോദിച്ചു. രാഷ്ട്രീയപരമായോ ചരിത്രപരമായോ സാമ്പത്തികപരമായോ ഭൂമിശാസ്ത്രപരമായോ ആയിരുന്നില്ല വിഭജനം നടത്തിയത്. സാമുദായിക അടിസ്ഥാനത്തിലായിരുന്നു വിഭജനം. മുസ്ലീങ്ങൾക്കൊപ്പം ജീവിക്കാൻ സാധ്യമല്ല എന്ന് പറഞ്ഞിട്ടില്ല. ആയിരക്കണക്കിന് വർഷങ്ങളായി അവർക്കൊപ്പമാണ് ജീവിക്കുന്നത്. രാജ്യം വിഭജിക്കാൻ ആരാണ് നിർബന്ധിച്ചത്? രാജ്യം ആരുടെയും പിതൃസ്വത്തല്ല, രാജ്യത്തെ വിഭജിക്കാൻ ആർക്കും അവകാശമില്ല, സാരം​ഗി വ്യക്തമാക്കി. 

വന്ദേമാതരം വിളിക്കാൻ തയ്യാറാകാത്തവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും അഖണ്ഡതയെയും അംഗീകരിക്കണം. അതുപോലെ വന്ദേമാതരത്തെയും അംഗീകരിക്കാൻ തയ്യാറാകണം. അതിന് താൽപ്പര്യമില്ലാത്തവർ ഇന്ത്യയിൽ ജീവിക്കാൻ അർഹരല്ല. അവർ രാജ്യം വിട്ട് അവർക്ക് ഇഷ്ടമുള്ളിടത്തേയ്ക്ക് പോകുകയാണ് വേണ്ടത്. പ്രതാപ് ചന്ദ്ര വ്യക്തമാക്കി.