ദില്ലി: ദില്ലി ജാമിയ മിലിയ ഇസ്ലാമിയയില്‍ നടന്ന പൊലീസ് ആക്രമണത്തിനെതിരെ ദില്ലി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധം. പൗരത്വഭേദഗതിയില്‍ ജാമിയ മിലിയയില്‍ നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികള്‍ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധത്തിനായി ഒത്തുകൂടിയത്. ദില്ലിയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തിനായി ഒത്തുചേര്‍ന്നത്. വിദ്യാര്‍ഥികള്‍ പൊലീസിനും സര്‍ക്കാറിനുമെതിരെ മുദ്രാവാക്യം മുഴക്കി. പ്രദേശത്ത് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. 

'പൊലീസിന്‍റെ അതിക്രമമാണ് ജാമിയയില്‍ നടന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പ്രതിഷേധത്തിലേക്ക് പൊലീസ് ആക്രമണമാണുണ്ടായത്'. പൗരത്വഭേദഗതിക്കും ജാമിയയില്‍ നടന്ന പൊലീസ് ആക്രമണങ്ങള്‍ക്കും എതിരെയാണ് പ്രതിഷേധിക്കുന്നതെ ന്ന് വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഡല്‍ഹി യൂണിവേഴ്സിറ്റി, ജെഎന്‍യു തുടങ്ങി ദില്ലിയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള നിന്നുള്ള വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി ഒത്തു ചേര്‍ന്നത്. പ്രക്ഷോഭം രാത്രിയിലും തുടരുമെന്നാണ് വിവരം.  പൊലീസ് സർവ്വകലാശാലയിൽ കയറി ലൈബ്രറി അടിച്ചുതകർത്തെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ജാമിയ മിലിയ സർവ്വകലാശാലയ്ക്ക് നാല് കിലോ മീറ്റർ ചുറ്റളവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ദില്ലി സർക്കാർ അവധി പ്രഖ്യാപിച്ചു.

വൈകുന്നേരം ആരംഭിച്ച പ്രതിഷേധം വലിയ തോതിൽ അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാർ വ്യാപകമായി വാഹനങ്ങൾക്ക് തീയിട്ടു. ഇതിന് പിന്നാലെ പൊലീസുമായി കല്ലേറുമുണ്ടായി. ഇതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പൊലീസ് വെടിയുതിർത്തതായും ആരോപണമുയർന്നു. ജാമിയ മിലിയ സർവ്വകലാശാലയ്ക്ക് അകത്തേക്ക് കയറിയ പൊലീസ്, ലൈബ്രറിയിലടക്കം കയറി വിദ്യാർത്ഥികളെ മർദ്ദിച്ചു. നിരവധി പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. അക്രമ സംഭവങ്ങൾക്ക് പിന്നിൽ തങ്ങളല്ലെന്നും സർവ്വകലാശാലയ്ക്ക് സമീപത്ത് താമസിക്കുന്നവരാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

അതിനിടെ അലിഖഢ് സര്‍വകലാശാലയിലും പ്രതിഷേധം ശക്തമാകുകയാണ്. ക്യാംപസിന് പുറത്ത് വലിയ സംഘർഷം ഉടലെടുത്തു. സർവകലാശാലയ്ക്ക് പുറത്തുള്ള ബാബ് - എ - സയ്യിദ് ഗേറ്റിന് സമീപത്ത് വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി. പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. വിദ്യാർത്ഥികൾ തിരികെ കല്ലെറിഞ്ഞെന്നാണ് പൊലീസ് ആരോപിക്കുന്നത്. സര്‍വകലാശാലക്ക് പുറത്ത് വലിയ തോതില്‍  പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘർഷത്തെത്തുടർന്ന് സർവകലാശാല അടുത്ത മാസം അഞ്ചാം തീയതി വരെ അടച്ചിട്ടു. ദില്ലിയിൽ സംഘർഷത്തെ തുടർന്ന് അടച്ചിട്ട മെട്രോ സ്റ്റേഷനുകളുടെ  എണ്ണം ഒമ്പതായി. ഇതോടെ ദില്ലിയിൽ ഗതാഗതവും തടസ്സപ്പെട്ടു.