ദില്ലി: പൗരത്വ ഭേദഗതി ബില്ലിന്മേല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാജ്യത്തെ ഒരൊറ്റ മുസ്ലിമും നിങ്ങളെ ഭയപ്പെടില്ലെന്ന് സിബല്‍ ആഞ്ഞടിച്ചു. ബില്ലിനെക്കുറിച്ച് മുസ്ലീങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന അമിത് ഷായുടെ പരാമര്‍ശമാണ് സിബലിനെ ചൊടിപ്പിച്ചത്. 

"നിങ്ങള്‍ നേരത്തെ വളരെ എതിര്‍ക്കപ്പെടേണ്ട ഒരു പ്രസ്താവന നടത്തി. ഏത് മുസ്ലിമാണ് നിങ്ങളെ ഭയപ്പെടുക. ഞാനോ രാജ്യത്തെ മറ്റ് പൗരന്മാരോ നിങ്ങളെ ഭയപ്പെടാന്‍ പോകുന്നില്ല. രാജ്യത്തെ ഭരണഘടനയെ മാത്രമാണ് ഞങ്ങള്‍ ഭയക്കുന്നത്."- കപില്‍ സിബല്‍ പറഞ്ഞു. 

പൗരത്വ ഭേദഗതി ബില്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതിന് നിയമ പരിരക്ഷ നല്‍കുകയാണ്.  വി ഡി സവര്‍ക്കറുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനെ എക്കാലവും കോണ്‍ഗ്രസ് എതിര്‍ക്കും. മതാടിസ്ഥാനത്തില്‍ രാജ്യത്തെ കോണ്‍ഗ്രസ് വിഭജിച്ചതിനാലാണ് ഈ ബില്‍ ആവശ്യമെന്നാണ് ലോക്സഭയില്‍ അമിത് ഷാ പറഞ്ഞത്.

എന്നാല്‍, ചരിത്ര പുസ്തകങ്ങള്‍ പഠിച്ചപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ അമിത് ഷാ പരാജയപ്പെട്ടു. ഇന്ത്യ മതാടിസ്ഥാനത്തില്‍ വിഭജിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സവര്‍ക്കറായിരുന്നു. ദ്വി രാഷ്ട്ര വാദത്തില്‍ സവര്‍ക്കര്‍ക്കും മുഹമ്മദലി ജിന്നക്കും ഒരേ അഭിപ്രായമായിരുന്നുവെന്ന് അംബേദ്കറെ ഉദ്ധരിച്ച് കപില്‍ സിബല്‍ പറഞ്ഞു. മുത്തലാഖ് നിയമവും കശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞതും ഇപ്പോള്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചതുമെല്ലാം മുസ്ലിം വിരുദ്ധമാണെന്നും സിബല്‍ വ്യക്തമാക്കി. 

കപില്‍ സിബലിന് മറുപടിയുമായി അമിത് ഷായും രംഗത്തെത്തി. താന്നെ ആരും രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്ന് അമിത് ഷാ തിരിച്ചടിച്ചു. ഞാന്‍ വിദേശത്തുനിന്നും എത്തിയതല്ല. ഇവിടെ ജനിച്ചു വളര്‍ന്നവനാണ്. സിഎബിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന് പാകിസ്ഥാന്‍റെ സ്വരമാണെന്നും അമിത് ഷാ തിരിച്ചടിച്ചു.  കശ്മീരും മുത്തലാഖ് നിരോധനവും പൗരത്വ ഭേദഗതി ബില്ലും മുസ്ലീങ്ങള്‍ക്ക് എതിരല്ലെന്നും കോണ്‍ഗ്രസ് മുസ്ലീങ്ങളെ ആശങ്കപ്പെടുത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.