യുദ്ധഭൂമിയിലെ ആശങ്കയില്‍ നിന്ന് സമാധാന തീരത്തെത്തുമ്പോള്‍ വിദ്യാർത്ഥികള്‍ക്ക് ലഭിക്കുന്നത് ഊഷ്മള സ്വീകരണമാണ്. സ്വന്തം രാജ്യത്തേക്ക് പല ഭാഷകളില്‍ മന്ത്രിമാരുടെ സ്വാഗതം. 

ദില്ലി: യുക്രൈൻ രക്ഷാ ദൗത്യമായ ഓപ്പറേഷൻ ഗംഗ (Operation Ganga) പുരോഗമിക്കുമ്പോൾ കേന്ദ്രമന്ത്രിസഭ ഒന്നടങ്കം പങ്കാളിയാകുന്ന കാഴ്ചയാണ് കാണുന്നത്. രക്ഷാ ദൗത്യത്തിൻറെ ഏകോപനത്തിനും, ഇന്ത്യയിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനുമായി 24 മന്ത്രിമാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഈ മാസം പത്തോടെ കൂടുതൽ വിമാനങ്ങളെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമാക്കാനാണ് തീരുമാനം.

യുദ്ധഭൂമിയിലെ ആശങ്കയിൽ നിന്ന് സമാധാന തീരത്തെത്തുമ്പോൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് ഊഷ്മള സ്വീകരണമാണ്. സ്വന്തം രാജ്യത്തേക്ക് പല ഭാഷകളിൽ മന്ത്രിമാരുടെ സ്വാഗതം. മുംബൈയിലും ദില്ലിയിലുമായെത്തുന്ന വിദ്യാർത്ഥികളെ കേന്ദ്രമന്ത്രിമാർ നേരിട്ടെത്തിയാണ് സ്വീകരിക്കുന്നത്. അതാത് സംസ്ഥാന സർക്കാരുകൾക്ക് കൈമാറുംവരെ കേന്ദ്രത്തിൻറെ കരുതലിലാണ് ഇവർ. 

വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്ന സ്ഥലങ്ങളിലെ കാര്യങ്ങൾ ഏകോപിപ്പിക്കാനും മന്ത്രിമാരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യനില മോശമായവരെ പരിചരിക്കാനും, ചികിത്സ ഉറപ്പിച്ച് വിമാനത്തിൽ കയറ്റുംവരെ അവരെ പിന്തുടരാനും മന്ത്രിമാർ ഒപ്പമുണ്ട്. ഹംഗറി റൊമാനിയ ,സ്ലൊവാക്യ , പോളണ്ട് എന്നിവിടങ്ങളിൽ മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, വി കെ സിംഗ്, ഹർദീപ് സിംഗ് പുരി, കിരൺ റിജിജു എന്നിവർ ക്യാമ്പ് ചെയ്യുകയാണ്.

വായുസേനയുടെ വിമാനങ്ങൾക്ക് പുറമെ എയർ ഇന്ത്യ,ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. പത്തോടെ 80 വിമാനങ്ങൾ രക്ഷാ പ്രവർത്തനത്തിനുണ്ടാകുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. ഒഴിപ്പിക്കൽ ഊര്ജ്ജിതമാക്കാൻ ഇടപെടേൽ തേടി സുപ്രീം കോടതിയിൽ ഹർജിയെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെയാണ് സർക്കാർ നീക്കം..