മണിക്കൂറുകളായി ആളുകൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഞായറാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. 

ദില്ലി: ജാർഖണ്ഡിൽ (Jharkhand) കേബിൾ കാറുകൾ (Cable Car) കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 50 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ദിയോഘർ ജില്ലയിലെ ബാബാ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപം ത്രികുത് ഹിൽസിലാണ് അപകടമുണ്ടായത്. ഇവിടുത്തെ റോപ്പ് വേയിൽ 12 കേബിൾ കാറുകളുണ്ട്. ഇതിലെല്ലാമായി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 

മണിക്കൂറുകളായി ആളുകൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഞായറാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു സ്വകാര്യസ്ഥാപനം നടത്തുന്ന റോപ്പ് വെയിലാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം നടത്തിയതിന് ശേഷം അന്വേഷണം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. വ്യോമസേനയുടെ മിഗ് 17 ഹെലികോപ്റ്റർ ഉൾപ്പെടെ ദ്രുതപ്രതികരണസേനയും (NDRF) സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അപകടം നടന്നയുടെ ഓപ്പറേറ്റർമാർ ഓടി രക്ഷപ്പെട്ടുവെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

സ്ഥലത്തെ എംപി നിഷികാന്ത് ദുബ്ബെ അപകട സ്ഥലം സന്ദർശിച്ചു. അദ്ദേഹം ആഭ്യന്തരമന്ത്രി അമിത്ഷായെയും ജാർഖണ്ഡ് സെക്രട്ടറി സുഖ്ദ്യോ സിംഗിനെയും വിവരം അറിയിച്ചതായും വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ വെർട്ടിക്കൽ റോപ്പ് വെയാണ് ത്രികുത്. 766 മീറ്ററാണ് റോപ്പ് വെയുടെ നീളം. 392 മീറ്റർ ഉയരമുള്ളതാണ് ത്രികുത് ഹിൽ. 25 കേബിൾ കാറുകളാണ് ഈ റോപ്പ് വെയിലുള്ളത്. ഒരു കാബിനിൽ 4 പേർക്ക് വീതം ഇരിക്കാം. 

Scroll to load tweet…