ദില്ലി: മുന്‍ സര്‍ക്കാറുകള്‍ സാമ്പത്തിക വളര്‍ച്ച നിരക്ക് പെരുപ്പിച്ച് കാട്ടിയെന്ന മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്‍റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക വളര്‍ച്ച കണക്കാക്കുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് വിശദീകരിച്ചു. 

യുണൈറ്റഡ് നേഷന്‍സ് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗീകരിച്ച നാഷണല്‍ അക്കൗണ്ട് സിസ്റ്റം അനുസരിച്ചാണ് ഓരോ സാമ്പത്തിക വര്‍ഷവും വളര്‍ച്ച നിരക്ക് കണക്കാക്കുന്നത്. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികള്‍. പുതിയ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ അവയും ഉള്‍പ്പെടുത്തിയാണ് ജിഡിപി കണക്കാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമാണ് മുന്‍ യുപിഎ, എന്‍ഡിഎ സര്‍ക്കാറുകള്‍ വളര്‍ച്ച നിരക്ക് പെരുപ്പിച്ച് കാണിച്ചതെന്ന് അരവിന്ദ് സുബ്രഹ്മണ്യം ഇംഗ്ലീഷ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചത്. 2011-12, 2016-17 സാമ്പത്തിക വര്‍ഷങ്ങളില്‍ ശരാശരി വാര്‍ഷിക വളര്‍ച്ച 4.5 ശതമാനമായിരുന്നു. എന്നാല്‍, ഏഴ് ശതമാനം വളര്‍ച്ച കൈവരിച്ചെന്നാണ് സര്‍ക്കാറുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.