കൊല്‍ക്കത്ത: ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ മുൻ കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിന് മുന്‍കൂര്‍ജാമ്യം. സിബിഐയുമായി അന്വേഷണത്തിന് സഹകരിക്കണമെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നുമുള്ള നിബന്ധനയിലാണ് രാജീവ് കുമാറിന് കൊല്‍ക്കത്ത ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 1989 പശ്ചിമ ബംഗാള്‍ കേഡര്‍ ഐപിഎസ് ഉദ്ദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്‍റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്. ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.  

കഴിഞ്ഞ മെയ് മാസത്തിലാണ് ശാരദാ കേസിൽ രാജീവ് കുമാറിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. ഓഗസ്റ്റിൽ അത് ഒരുമാസത്തേക്ക് കൂടി നീട്ടി. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം നീക്കിയതിന് പിന്നാലെ രാജീവ് കുമാറിന്‍റെ വസതിയിൽ നേരിട്ടെത്തിയ സിബിഐ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് നോട്ടീസ് കൈമാറി. 

നേരത്തെ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ കൊൽക്കത്ത പൊലീസ് തടഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 21 ന് രാജീവ് കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അലിപോര്‍ ജില്ലാ ആന്‍ഡ് സെഷൻസ് കോടതികള്‍ തള്ളിയിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള നിരവധി നോട്ടീസുകള്‍ രാജീവ് കുമാറിന് സിബിഐ അയച്ചിരുന്നു. എന്നാല്‍ ചോദ്യംചെയ്യലിന് രാജീവ് കുമാര്‍ ഹാജാരായിരുന്നില്ല.