അയോഗ്യനാക്കപ്പെട്ട സമാജ് വാദി പാർട്ടി എംഎൽഎ അസം ഖാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണോ ഈ വേഷം എന്ന ചോദ്യത്തോട് പ്രതികരിക്കാൻ അഖിലേഷ് തയ്യാറായില്ല. മറ്റ് എംഎൽഎമാരും മറുപടി നൽകിയില്ല.
ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭയിൽ ഇന്നലെ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അഖിലേഷ് യാദവും മറ്റ് സമാജ് വാദി പാർട്ടി എംഎൽഎമാരും ഇക്കുറി എത്തിയത് ഷെർവാണി ധരിച്ചാണ്. കറുത്ത ഷെർവാണി ധരിച്ചെത്തിയതിന്റെ കാരണം തിരക്കി മാധ്യമപ്രവർത്തകരും ഒപ്പം കൂടി. കുർത്തയും പൈജാമയും കറുത്ത കോട്ടും ധരിച്ചാണ് അഖിലേഷ് സാധാരണ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്.
"പ്രതിപക്ഷത്തിന് ഒന്നുമില്ല, കുറഞ്ഞപക്ഷം അവർ നല്ല വസ്ത്രമെങ്കിലും ധരിക്കാൻ കഴിയട്ടെ" എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അഖിലേഷിന്റെ മറുപടി. വലിയ പ്രതീക്ഷകളാണ് ബജറ്റിനെക്കുറിച്ചുള്ളത്, അതുകൊണ്ട് ഷെർവാണി തന്നെ ആയിക്കോട്ടെ എന്ന് വിചാരിച്ചു എന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു. മിക്ക എംഎൽഎമാരും കറുത്ത നിറത്തിലുള്ള ഷെർവാണി ആണ് ധരിച്ചിരുന്നത്. ചുരുക്കം ചിലർ വെളുത്ത നിറത്തിലുള്ള ഷെർവാണി ധരിച്ചിരുന്നു.
അയോഗ്യനാക്കപ്പെട്ട സമാജ് വാദി പാർട്ടി എംഎൽഎ അസം ഖാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണോ ഈ വേഷം എന്ന ചോദ്യത്തോട് പ്രതികരിക്കാൻ അഖിലേഷ് തയ്യാറായില്ല. മറ്റ് എംഎൽഎമാരും മറുപടി നൽകിയില്ല. പാർട്ടി പറഞ്ഞതുകൊണ്ട് ധരിച്ചു എന്ന് മാത്രമാണ് ചിലർ മറുപടി നൽകിയത്. വിദ്വേഷ പ്രസംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്നാണ് സമാജ്‌വാദി പാർട്ടി എംഎൽഎ അസംഖാൻ്റെ നിയമസഭാ അംഗത്വം ഒക്ടോബറിൽ റദ്ദാക്കിയിരുന്നു. യുപി നിയമസഭാ സ്പീക്കറുടെതാണ് നടപടി. 2019 ലെ വിദ്വേഷ പ്രസംഗ കേസിൽ അസം ഖാനെ യു പി കോടതി 3 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ വിദ്വേഷ പരാമർശ കേസിലാണ് ശിക്ഷ. അസം ഖാൻ ഉൾപ്പെടെ മൂന്നു പേരെ മൂന്ന് വർഷം തടവിനും 2000 രൂപ പിഴയ്ക്കുമാണ് രാംപൂർ കോടതി ശിക്ഷിച്ചത്. ഇതിനുപിന്നാലെയാണ് അസം ഖാന്റെ നിയമസഭാ അംഗത്വം റദ്ദ് ചെയ്തത്.
രാംപൂരിൽ നിന്നുള്ള എംഎൽഎ ആയിരുന്ന അസം ഖാൻ തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മോഷണം എന്നിവയടക്കം തൊണ്ണൂറോളം കേസുകളിൽ പ്രതിയാണ്. 2020ൽ അറസ്റ്റിലായ അദ്ദേഹം 27 മാസം ജയിലിൽ കഴിഞ്ഞിരുന്നു. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് പിന്നീട് പുറത്തിറങ്ങിയത്.

