മുംബൈ: മറ്റന്നാൾ വോട്ടെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ  കൃത്യമായ നീക്കങ്ങളോടെയാണ് ബിജെപി സഖ്യത്തിന്റെ പ്രചാരണം മുന്നോട്ട് പോകുന്നത്. മറുവശത്താവട്ടെ നേതൃക്ഷാമത്തില്‍ വലയുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി രണ്ടു തവണ പ്രചരണത്തിനെത്തിയെങ്കിലും കാര്യമായ ആവേശം സൃഷ്ടിക്കാനായില്ല. പ്രായത്തിന്റെ അവശതകള്‍ തീരെ ബാധിക്കാതെ ഒറ്റയാൾ ചെറുത്തുനിൽപിലൂടെ കളം നിറയുന്ന ശരത് പവാറാവട്ടെ ജനങ്ങളെ ആവേശത്തിലേക്കുയര്‍ത്തുന്നു.

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതായിരുന്നു ബിജെപി സഖ്യത്തിന്റെ പ്രധാന പ്രചാരണായുധം. സവർക്കര്‍ക്ക് ഭാരതരത്ന നല്‍കണം എന്ന ആവശ്യത്തിലൂന്നിയും  മഹായുതി വോട്ടർമാരെ കണ്ടു. ഭരണത്തിലെത്തിയാല്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കും എന്ന് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ എന്ന നരേന്ദ്രമോദിയുടെ ചോദ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

മൂന്ന് തവണ മഹാരാഷ്ട്രയിലെത്തിയ മോദിയും 17 റാലികളിൽ സംസാരിച്ച അമിത് ഷായും തീവ്രദേശീയതയിലൂന്നിയാണ് പ്രസംഗിച്ചത്. നെഹ്റുവിന് സംഭവിച്ച പിഴവ് തിരുത്താന്‍ 56 ഇഞ്ച് നെഞ്ചളവുള്ളയാള്‍ വരേണ്ടി വന്നുവെന്ന അമിത് ഷായുടെ പ്രസ്താവനയും ഏറെ ചര്‍ച്ചയായിരുന്നു. 

സമാന്തരമായി മുഖ്യമന്ത്രി ഫട്നവിസ് വികസന നേട്ടങ്ങളെണ്ണി സംസ്ഥാനത്തൊട്ടാകെ പര്യടനം നടത്തി. ഉദ്ധവ് താക്കറെ ശിവസേന ശക്തികേന്ദ്രങ്ങളിൽ പ്രചാരണം നയിച്ചു. നരേന്ദ്ര ദേവേന്ദ്ര വികസന മാതൃക ഉയര്‍ത്തിക്കാട്ടുന്നതിലും ബിജെപി നേതൃത്വം വിജയിച്ചു.
സീറ്റ് വീതം വെക്കുന്നതിലുള്‍പ്പെടെ പല  പ്രശ്നങ്ങളും മഹായുതിയില്‍ ഉണ്ടായിരുന്നു.  ആദിത്യ താക്കറെ മുഖ്യമന്ത്രിയാകുമെന്ന തരത്തില്‍ ശിവസേന വക്താവും രാജ്യസഭ എംപിയുമായ സഞ്ജയ് റാവത്ത് പ്രസ്താവന നടത്തിയത് മഹായുതിക്കുള്ളിലെ അഭിപ്രായ ഭിന്നതയുടെ അടയാളമായി. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് വിവാദങ്ങളെയൊക്ക മാറ്റി നിര്‍ത്തുന്നതില്‍ ബിജെപി നേതൃത്വം വിജയിച്ചു.

കോണ്‍ഗ്രസ് കിതച്ചപ്പോള്‍ മുന്നിൽ നിന്ന് നയിച്ചത് ശരത് പവാറാണ്. സംസ്ഥാനത്തൊട്ടാകെ  രണ്ടാഴ്ച പവാർ പര്യടനം നടത്തി. ബിജെപിയെ കടന്നാക്രമിച്ചുള്ള പവാർ റാലികളിൽ ആയിരങ്ങൾ ഒഴുകിയെത്തി. സംസ്ഥാനത്തെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ പൃഥ്വിരാജ് ചവാനും അശോക് ചവാനും  സ്വന്തം മണ്ഡലത്തിന് പുറത്തേക്ക് തീരെ സജീവമായതുമില്ല. ഇപ്പോഴും ഗ്രാമീണ മണ്ഡലങ്ങളില്‍ പലയിടത്തും എന്‍സിപി ശക്തമായ വിജയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ചില പ്രദേശങ്ങളിലെങ്കിലും കോണ്‍ഗ്രസും ശക്തമാണ്.ഇതുകൊണ്ടൊക്കെ തന്നെ മഹാരാഷ്ട്രയില്‍ ശരത് പവാറിന്റെ പ്രചാരണം നിര്‍ണായകമാണ്.