ന്യൂയോര്‍ക്ക്: പാകിസ്ഥാനെ ടെററിസ്ഥാൻ എന്ന് പരാമർശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരവാദം  വ്യവസായമാക്കിയ പാകിസ്ഥാനുമായി ചർച്ചയില്ലെന്നും ജയശങ്കർ വ്യക്തമാക്കി. ഇതിനിടെ കശ്മീർ വിഷയത്തിൽ  പാകിസ്ഥാന് രാജ്യാന്തര പിന്തുണ നേടാനായില്ലെന്ന് ഇമ്രാൻ ഖാൻ സമ്മതിച്ചു.

കശ്മീർ തർക്കം ഇന്ത്യയും പാകിസ്ഥാനും ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഇതിനായി ഇമ്രാനും മോദിയും ചർച്ച നടത്തണമെന്നും ഡൊണാള്‍ഡ് ട്രംപ് ഇരുരാഷ്ട്രത്തലവന്‍മാരോടും ആവശ്യപ്പെട്ടിരുന്നു. കശ്മീരിലെ നിയന്ത്രണങ്ങൾ നീക്കാൻ ശ്രമിക്കണമെന്നും ഡോണൾഡ് ട്രംപ് നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് വ്യക്തമാക്കിയിരിക്കുന്നത്. 

എന്നാല്‍ ഈ നിർദ്ദേശം ഇന്ത്യ തള്ളി. പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് മടിയില്ലെന്നും എന്നാല്‍ തീവ്രവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ ചര്‍ച്ചകള്‍ക്ക് യാതൊരു സാധ്യതയുമില്ലെന്നും മോദി കൂടിക്കാഴ്ചയ്ക്കിടെ ട്രംപിനെ അറിയിച്ചു.  ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഭീകരവാദം വ്യവസായമാക്കി മാറ്റിയെന്ന് ഇതിനു പിന്നാലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ആരോപിച്ചു. പാകിസ്ഥാനുമായി ചർച്ചയാവാം. എന്നാൽ ടെററിസ്ഥാനുമായി ചർച്ചയില്ല -  ജയശങ്കർ വ്യക്തമാക്കി. 

ട്രംപിനെ മുന്നിലിരുത്തി  കശ്മീർ വിഷയത്തിൽ രാജ്യാന്തര പിന്തുണ നേടാനായില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മാധ്യമങ്ങളോട് സമ്മതിച്ചത്. ഇന്ത്യ വലിയ വിപണിയാണ്. അതിനാൽ എതിർക്കാൻ പ്രധാനരാജ്യങ്ങൾ തയ്യാറാകുന്നില്ലെന്നും ഇമ്രാൻ വ്യക്തമാക്കി. കശ്മീരിനെ ചൊല്ലിയുള്ള വാക്പോര് തുടരുമ്പോൾ വെള്ളിയാഴ്ച രണ്ടു രാഷ്ട്രത്തലവന്‍മാരും ഐക്യരാഷ്ട്രസഭയില്‍ നടത്തുന്ന പ്രസംഗത്തിലേക്കാണ് ഇനി എല്ലാ ശ്രദ്ധയും.