ദില്ലി: തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍  തീരുമാനത്തില്‍ വിയോജിച്ച അശോക് ലവാസായുടെ കുറിപ്പുകള്‍ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

പുണെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ വിഹാര്‍ ദുര്‍വെ നല്‍കിയ അപേക്ഷയിലാണ് മറുപടി. വിയോജനക്കുറിപ്പ് വെളിപ്പെട്ടാല്‍ അത് ആ വ്യക്തിക്ക് അപായമാകുമെന്നും സുരക്ഷക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് വിവരങ്ങള്‍ നല്‍കാതിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഞ്ചിടത്ത് നടത്തിയ പ്രസംഗങ്ങളില്‍  മോദി ചട്ടലംഘനം നടത്തിയെന്നായിരുന്നു പരാതി.

എല്ലാ പരാതിയിലും കമ്മീഷന്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി. എന്നാല്‍, മോദിക്കും അമിത് ഷാക്കുമെതിരെയുള്ള പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത തീരുമാനത്തില്‍ അംഗങ്ങളിലൊരാളായ അശോക് ലവാസ വിയോജനക്കുറിപ്പെഴുതി. മൂന്നംഗങ്ങളുള്ള കമ്മീഷനില്‍ രണ്ട് പേര്‍ അനുകൂലിച്ചതോടെയാണ് ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയത്.