ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് ബന്ധത്തിലെ പൊരുത്തക്കേടുകള്‍ തുറന്ന് പറഞ്ഞ് മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. ഓരോ ദിവസവും താനനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാനാകാത്തതാണെന്ന് കുമാരസ്വാമി വ്യക്തമാക്കി. കുമാരസ്വാമിചന്നപട്ടണയില്‍ നടന്ന യോഗത്തിലാണ് കുമാരസ്വാമിയുടെ അഭിപ്രായ പ്രകടനം. പറഞ്ഞറിയിക്കാനാകാത്ത വേദനയിലൂടെയാണ് ഓരോ ദിനവും കടന്നു പോകുന്നത്. നിങ്ങളോട് പറയണമെന്നുണ്ട്, പക്ഷേ എനിക്ക് കഴിയുന്നില്ല. എങ്കിലും ജനങ്ങള്‍ക്കുവേണ്ടി വേദന സഹിക്കാന്‍ താന്‍ തയ്യാറാണ്. സര്‍ക്കാറിന്‍റെ സുഗമമായ പ്രവര്‍ത്തനം തന്‍റെ ഉത്തരവാദിത്തമാണെന്നും കുമാരസ്വാമി പറഞ്ഞു.

കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ ബിജെപി വീണ്ടും നീക്കം സജീവമാക്കിയതിനിടെയാണ് കുമാരസ്വാമിയുടെ വെളിപ്പെടുത്തല്‍. ജെഡിഎസ് എംഎല്‍എക്ക് ബിജെപി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ചൊവ്വാഴ്ച കുമാരസ്വാമി വെളിപ്പെടുത്തിയിരുന്നു. ദൈവാനുഗ്രഹത്താല്‍ അടുത്ത നാല് വര്‍ഷവും ഈ സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കര്‍ണാടകയില്‍ മന്ത്രിസഭ വിപുലീകരിച്ചത്. 
അതേസമയം കുമാരസ്വാമിയുടെ വെളിപ്പെടുത്തല്‍ ബിജെപി തള്ളിക്കളഞ്ഞു.

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിനെ അട്ടിമറിക്കാനില്ലെന്ന് ബിജെപി വ്യക്തമാക്കി. കര്‍ണാടക സര്‍ക്കാറിന് ഭീഷണിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും വ്യക്തമാക്കി. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.