ഓപ്പറേഷൻ സിന്ദൂറിനെ സൈനിക നീക്കമായി മാത്രമല്ല, പാകിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ യുദ്ധത്തിലെ വഴിത്തിരിവായി  തുഗ്ലക് തമിഴ് മാസികയുടെ എഡിറ്ററും വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ചെയർമാനുമായ എസ് ഗുരുമൂർത്തി വിലയിരുത്തുന്നു.

ഏപ്രിൽ 22ലെ ക്രൂരമായ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നടത്തിയ വിജയകരമായ സൈനിക തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച്, തുഗ്ലക് തമിഴ് മാസികയുടെ എഡിറ്ററും വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ചെയർമാനുമായ എസ് ഗുരുമൂർത്തി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച ലേഖനം ചർച്ചയാവുന്നു. ഓപ്പറേഷൻ സിന്ദൂറിനെ സൈനിക നീക്കമായി മാത്രമല്ല, പാകിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ യുദ്ധത്തിലെ വഴിത്തിരിവായി ഈ ലേഖനം വിലയിരുത്തുന്നു.

ഹിമാൻഷി നർവാൾ: ഓപ്പറേഷൻ സിന്ദൂറിന്റെ മുഖം

ഭർത്താവിനെ നഷ്ടപ്പെട്ട ഹിമാൻഷി നർവാളിന്‍റെ ദുഃഖം ഓപ്പറേഷൻ സിന്ദൂറിന്‍റെ മുഖമായി ഗുരുമൂർത്തി ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ 22 ന് പഹൽഗാമിൽ ഭീകരർ പോയിന്‍റ് ബ്ലാങ്കിൽ വെടിവച്ചുകൊന്ന ഭർത്താവിന്റെ മൃതദേഹത്തിനരികിൽ ഒറ്റയ്ക്ക് ഇരിക്കുന്ന, വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രമായ ഹിമാൻഷി നർവാളിന്റെ ചിത്രം ദേശീയ-അന്തർദേശീയ മാധ്യമങ്ങളിൽ വൈറലായി. ഓപ്പറേഷൻ സിന്ദൂരിന്റെ പ്രതീകമായി ഹിമാൻഷിയുടെ ആ ചിത്രത്തെ ഗുരുമൂർത്തി ചൂണ്ടിക്കാണിക്കുന്നു.

പ്രതികാരത്തിന്റെ സിന്ദൂരം

ഹിന്ദു പാരമ്പര്യ പ്രകാരം വിവാഹിതയായ സ്ത്രീയുടെ അടയാളമാണ് സിന്ദൂരം. ഹിമാൻഷിയുടെയും മറ്റ് സ്ത്രീകളുടെയും സിന്ദൂരം മായ്ച്ചുകളഞ്ഞത് ഭീകരരാണ്. വ്യക്തിപരമായ നഷ്ടം ഒരു ദേശീയ ദൗത്യമായി എങ്ങനെ രൂപാന്തരപ്പെട്ടുവെന്ന് ഗുരുമൂർത്തി ലേഖനത്തിൽ വിശദീകരിക്കുന്നു. 

“ഒമ്പത് ദിവസങ്ങൾക്ക് ശേഷം, കൊല്ലപ്പെട്ട തന്റെ ഭർത്താവിന്റെ ജന്മദിനത്തിൽ നടന്ന രക്തദാന ക്യാമ്പിൽ, പഹൽഗാം കൂട്ടക്കൊലയിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഹിമാൻഷി ആവശ്യപ്പെട്ടു. പഹൽഗാം ഭീകരർ ഹിമാൻഷിയുടെയും മറ്റ് 25 സ്ത്രീകളുടെയും നെറ്റിയിൽ നിന്ന് തുടച്ചുമാറ്റിയ സിന്ദൂരം, രാജ്യം നൽകിയ തിരിച്ചടിയുടെ കോഡായി മാറി. ഇന്ത്യൻ പ്രതിരോധ സേന ഈ ദൗത്യം വളരെ കൃത്യതയോടെയും പൂർണതയോടെയും നിർവഹിച്ചു. ഇക്കാര്യത്തിൽ പേരുകേട്ട ഇസ്രായേലികൾക്ക് പോലും നമ്മുടെ ഇന്റലിജൻസിൽ നിന്നും സൈനികരിൽ നിന്നും ഏറെ പഠിക്കാനുണ്ട്.”

പാകിസ്ഥാൻ: വീണ്ടും തുറന്നുകാട്ടപ്പെട്ട ഭീകര രാഷ്ട്രം

ലോകത്തിലെ ഏറ്റവും മികച്ച ഭീകര വിരുദ്ധ പ്രവർത്തനമായി ഓപ്പറേഷൻ സിന്ദൂർ സൈനിക ചരിത്രത്തിൽ ഇടം നേടുമെന്ന് ഗുരുമൂർത്തി കുറിച്ചു. 'പാകിസ്ഥാൻ ഭീകരതയുടെ വിതരണക്കാരനല്ല, മറിച്ച് അതിന്റെ ഇരയാണ്' എന്ന സോണിയ - മൻമോഹൻ നേതൃത്വത്തിന്‍റെ കാഴ്ചപ്പാട് നരേന്ദ്ര മോദി തള്ളിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓപറേഷൻ സിന്ദൂർ പാകിസ്ഥാൻ ഒരു ഭീകര രാഷ്ട്രമാണെന്ന് തെളിയിച്ചു. കൊല്ലപ്പെട്ട ഭീകരർക്ക് പാകിസ്ഥാൻ ജനറൽമാർ ആദരാഞ്ജലി അർപ്പിക്കുന്ന ദൃശ്യം പുറത്തുവന്നു. നാലായിരത്തിലധികം പേരെ കൂട്ടക്കൊല ചെയ്ത 9/11 സംഭവത്തിന് ശേഷം ഒസാമ ബിൻ ലാദനെ യുഎസ് കമാൻഡോകൾ പാകിസ്ഥാനിലെ അബോട്ടാബാദിൽ നിന്ന് കണ്ടെത്തിയപ്പോൾ, പാകിസ്ഥാൻ ആഗോള ഭീകരവാദ വ്യാപാരിയായി ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടു. എന്നിട്ടും, കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ഹിന്ദു ഭീകരത അന്വേഷിക്കുന്നതിലും തെളിയിക്കുന്നതിലും തിരക്കിലായിരുന്നുവെന്ന് ഗുരുമൂർത്തി വിമർശിക്കുന്നു.

പാകിസ്ഥാനിലെ ഭീകരതയുടെ സൈനിക-വ്യാവസായിക സമുച്ചയം

പാകിസ്ഥാന്റെ സൈന്യം, രഹസ്യാന്വേഷണ ഏജൻസികൾ, മതസ്ഥാപനങ്ങൾ എന്നിവ എങ്ങനെ ഭീകരതയുടെ ഉപകരണമായി പ്രവർത്തിക്കുന്നുവെന്ന് ഗുരുമൂർത്തി വിശദീകരിക്കുന്നു. ജനറൽ സിയാ-ഉൾ-ഹഖിന്റെ കാലം മുതൽ പാകിസ്ഥാൻ ജിഹാദിനെ നയമായി സ്വീകരിച്ചു. 1980 കളിൽ റഷ്യയ്‌ക്കെതിരെ പാശ്ചാത്യ ലോകത്തിന്റെ പിന്തുണയോടെയും പിന്നീട് ഇന്ത്യയ്‌ക്കെതിരായ രഹസ്യ യുദ്ധത്തിനായിയും ആഗോളതല ഭീകര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും നിലനിർത്തുന്നതിനും പാകിസ്ഥാൻ ഭരണകൂടവും സൈന്യവും ഇന്റലിജൻസും ഒത്തുചേർന്നു. എല്ലാ രാജ്യങ്ങൾക്കും ഒരു സൈന്യമുണ്ട്. എന്നാൽ പാകിസ്ഥാന്റെ സൈന്യത്തിന് ഒരു രാഷ്ട്രമുണ്ടെന്ന് നയതന്ത്ര വൃത്തങ്ങളിൽ അറിയപ്പെടുന്ന തമാശയാണെന്ന് ഗുരുമൂർത്തി പറയുന്നു. പാകിസ്ഥാൻ സൈന്യം ദേശീയ രാഷ്ട്രീയത്തിൽ മാത്രമല്ല ആധിപത്യം പുലർത്തുന്നത്. അവർ സമ്പദ്‌വ്യവസ്ഥയെയും ഓഹരി വിപണിയെയും നിയന്ത്രിക്കുന്നു. പാകിസ്ഥാൻ സൈന്യത്തിന്റെ നിയന്ത്രണത്തിലും ഉടമസ്ഥതയിലും പ്രവർത്തിക്കുന്ന സോൾജിയേഴ്‌സ് ഫൗണ്ടേഷൻ വളം, സിമൻറ്, ഭക്ഷണം, ചില്ലറ വിൽപ്പന, വൈദ്യുതി ഉൽപാദനം, എൽപിജി വിതരണം എന്നിവ നിയന്ത്രിക്കുന്നുവെന്നും ഗുരുമൂർത്തി കൂട്ടിച്ചേർത്തു. പാകിസ്ഥാൻ സൈന്യം ബിസിനസ് സാമ്രാജ്യമാണെന്ന് അവകാശപ്പെടുന്ന സാമ്പത്തിക ഡാറ്റ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

“പാകിസ്ഥാന്റെ ഓഹരി വിപണി മൂലധനത്തിൽ സോൾജിയേഴ്‌സ് ഫൗണ്ടേഷന്റെ പങ്ക് 70 ശതമാനം ആണെന്ന് ഐഐഎം ബെംഗളൂരുവിലെ പ്രൊഫ. ആർ. വൈദ്യനാഥൻ എഴുതിയ പാകിസ്ഥാൻ: ഒരു രാജ്യത്തോടു കൂടിയ സൈന്യം എന്ന ലേഖനം പരാമർശിച്ച് ഗുരുമൂർത്തി കുറിച്ചു. പാകിസ്ഥാന്റെ നിലവിലെ ഓഹരി വിപണി മൂലധനം 43 ബില്യൺ ഡോളറാണ്. അതായത്, പാകിസ്ഥാന്റെ സൈന്യത്തിന് 30 ബില്യൺ ഡോളറിന്റെ ലിക്വിഡ് ഫണ്ടുകൾ ഉണ്ട്. ഇന്ത്യയുമായുള്ള നാല് യുദ്ധങ്ങളിൽ ഒന്നിലും വിജയിക്കാൻ കഴിയാത്ത പാകിസ്ഥാൻ സൈന്യവും അതിന്റെ ഇന്റർ സർവീസസ് ഇന്റലിജൻസും ദശലക്ഷക്കണക്കിന് തീവ്രവാദികളായ യുവാക്കളെ വളർത്തുന്നതിനായി ആയിരക്കണക്കിന് മദ്രസകൾ നിർമ്മിച്ചത് ഈ ഫണ്ട് ഉപയോഗിച്ചാണെന്ന് ഗുരുമൂർത്തി പറയുന്നു. സർക്കാരും സൈന്യവും ഇന്റലിജൻസും ജെയ്‌ഷ്-ഇ-മുഹമ്മദ് (ജെ.എം.), ലഷ്‌കർ-ഇ-തൊയ്ബ (എൽ.ഇ.ടി), ഹിസ്ബുൾ മുജാഹിദീൻ (എച്ച്.എം.) എന്നിവ സ്ഥാപിച്ചു. സൈന്യത്തിന്റെ പിന്തുണയോടെ ഇന്ത്യയ്‌ക്കെതിരെ രഹസ്യ യുദ്ധം നടത്തുന്നതിനായി തൊഴിലില്ലാത്ത യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് റെസിസ്റ്റൻസ് ഫ്രണ്ടും (ടി.ആർ.എഫ്.) മറ്റ് പതിനായിരക്കണക്കിന് ജിഹാദി സംഘടനകളും സൃഷ്ടിക്കപ്പെട്ടെന്ന് ഗുരുമൂർത്തി പറയുന്നു.

മെഴുകുതിരി കത്തിക്കലിൽ നിന്ന് സർജിക്കൽ സ്‌ട്രൈക്കുകളിലേക്ക്

1990 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ ഭീകരതയോടുള്ള ഇന്ത്യയുടെ പ്രതികരണത്തെ ഗുരുമൂർത്തി വിമർശിക്കുന്നു. 1990-കൾ മുതൽ, പാകിസ്ഥാനുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി. ഭീകരാക്രമണങ്ങൾ ഇന്ത്യ നിശബ്ദമായി സഹിച്ചു. 2008ൽ, പാകിസ്ഥാൻ അയച്ച അജ്മൽ കസബ് ഉൾപ്പെടെയുള്ള ഭീകരർ മുംബൈയിൽ നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയപ്പോൾ സോണിയ-മൻമോഹൻ നയിച്ച ഭരണകൂടം സമാധാനത്തിനും ഐക്യത്തിനും വേണ്ടി അഭ്യർത്ഥിക്കുകയും മെഴുകുതിരി കത്തിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. പാകിസ്ഥാനും ഭീകരതയുടെ ഇരയാണെന്ന് അനുഭാവപൂർവ്വം പറഞ്ഞെന്ന് ഗുരുമൂർത്തി കുറ്റപ്പെടുത്തുന്നു. 

ഇന്ത്യയുടെ ഭീകരവിരുദ്ധ നയത്തിൽ മോദി വരുത്തിയ മാറ്റം

ഭീകരവാദത്തിനെതിരെ നിഷ്‌ക്രിയ നിലപാടിൽ നിന്ന് ആക്രമണാത്മക നിലപാടിലേക്ക് ഇന്ത്യയുടെ നയങ്ങളെ മാറ്റിയതിന് ഗുരുമൂർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്നു.

"2016 സെപ്റ്റംബറിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരർ ഉറിയിൽ ആക്രമണം നടത്തി 19 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയപ്പോൾ, മോദി സർജിക്കൽ സ്‌ട്രൈക്കിന് ഉത്തരവിട്ടു. നിയന്ത്രണ രേഖ (എൽഒസി) കടന്ന് പാക് അധീന കശ്മീരിൽ (പിഒകെ) പ്രവേശിച്ച് 70 ഓളം ഭീകരരെ വധിച്ചു. ഭീകരതയോടുള്ള ഇന്ത്യയുടെ പ്രതികരണം മെഴുകുതിരി വെളിച്ചങ്ങളിൽ നിന്ന് വെടിവെപ്പുകളിലേക്ക് മോദി മാറ്റി. 2019 ഫെബ്രുവരി 14 ന് പുൽവാമയിൽ ജെയ്‌ഷെ മുഹമ്മദ് ആക്രമണം നടത്തി 46 സിആർപിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയപ്പോൾ, മോദി ഇന്ത്യൻ വ്യോമസേനയോട് എൽഒസി കടക്കാൻ ഉത്തരവിട്ടു. ബാലകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പ് ആക്രമിച്ചു. 250-300 ഭീകരർ കൊല്ലപ്പെട്ടു. 2016 ലെ വെടിവയ്പ്പിൽ നിന്ന് 2019 ൽ വ്യോമാക്രമണത്തിലേക്ക് മോദി ഇന്ത്യൻ പ്രതികരണത്തെ ഉയർത്തി. 

"2019 അവസാനിച്ചപ്പോൾ, ആർട്ടിക്കിൾ 370 ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു. വീണ്ടും പാകിസ്ഥാന് വിലപിക്കാനും നിലവിളിക്കാനും മാത്രമേ കഴിഞ്ഞുള്ളൂ. തീവ്രവാദ ലോഞ്ച് പാഡുകളിൽ നടന്ന സർജിക്കൽ സ്‌ട്രൈക്കുകളും വ്യോമാക്രമണങ്ങളും, ഭീകരതയ്‌ക്കെതിരെ കൂടുതൽ പോലീസ് നടപടികൾ സ്വീകരിച്ചതോടെ, കശ്മീർ സമാധാനത്തിലേക്കും സമ്പന്നതയിലേക്കും നീങ്ങി. 2018 ൽ കശ്മീരിൽ 86 ഭീകരാക്രമണങ്ങൾ നടന്നപ്പോൾ, 2023 ൽ 12 ആയി കുറഞ്ഞു. 2024 ൽ തെരഞ്ഞെടുപ്പുകൾ നടന്നു"- ഗുരുമൂർത്തി പറഞ്ഞു.

ബ്രഹ്‌മോസ്: യുദ്ധത്തിലെ ഒരു പുതിയ ഘട്ടം

പഹൽഗാം കൂട്ടക്കൊലയാണ് പ്രധാനമന്ത്രി മോദിയെ ബ്രഹ്‌മോസ് മിസൈലുകൾ ഉപയോഗിച്ച് പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളെ നേരിട്ട് ലക്ഷ്യമിട്ട് ധീരമായ ഒരു സൈനിക ദൗത്യം പ്രഖ്യാപിക്കാൻ പ്രേരിപ്പിച്ചതെന്ന് ഗുരുമൂർത്തി പറയുന്നു.

"മതം നോക്കിയാണ് ഭീകരവാദികൾ വിനോദസഞ്ചാരികളെ കൊന്നത്. ഭാര്യമാരുടെയും കുട്ടികളുടെയും മുന്നിലിട്ട് കൊലപ്പെടുത്തി. ഭീകരരെയും അവരുടെ പിന്തുണക്കുന്നവരെയും ഭൂമിയുടെ ഏതറ്റം വരെ പോയാലും വെറുതെവിടില്ലെന്ന് മോദി പ്രതിജ്ഞയെടുത്തു. ഇന്ത്യൻ പ്രതിരോധത്തിനും രഹസ്യാന്വേഷണത്തിനും നയതന്ത്ര സമൂഹത്തിനും തുറന്ന രാഷ്ട്രീയ ദിശയേകി. ഭീകരതയ്‌ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുക എന്നതല്ലാതെ മറ്റൊരു മാർഗവും അവശേഷിച്ചില്ല. ഭീകരതയ്‌ക്കെതിരായ നമ്മുടെ യുദ്ധം പാകിസ്ഥാൻ എന്ന രാജ്യത്തിനെതിരായ തുറന്ന യുദ്ധമായിരുന്നില്ല. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിക്കുന്നത്, ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന പാകിസ്ഥാനുമായി ഒരു യുദ്ധത്തിന് വഴിയൊരുക്കുമെന്ന് മോദിക്ക് അറിയാമായിരുന്നു. എന്നിട്ടും, ഭീകര കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള തുറന്ന നിർദ്ദേശം നൽകാൻ അദ്ദേഹം തീരുമാനിച്ചു, അത് ഒരു യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാനെ 'ഞങ്ങൾ നിങ്ങളെ ആക്രമിക്കാൻ പോകുന്നു' എന്ന് അറിയിക്കുന്നതിന് തുല്യമായിരുന്നു. പഹൽഗാം കൂട്ടക്കൊലയ്ക്ക് ശേഷം 15 ദിവസത്തിനുള്ളിൽ, മൂന്ന് സേനകളും രഹസ്യാന്വേഷണ വിഭാഗങ്ങളും നയതന്ത്രജ്ഞരും അടങ്ങുന്ന ടീം മോദി, പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് 100-ലധികം ഭീകരരെ വധിച്ചുകൊണ്ട് ദൌത്യം ഗംഭീരമായി പൂർത്തിയാക്കി. ഇത്തവണ, പി‌ഒ‌കെയിലെ പോലെ വെടിവയ്പ്പല്ലായിരുന്നു അത്. ബാലകോട്ടിലെ പോലെ വ്യോമാക്രമണവുമല്ലായിരുന്നു അത്. ക്രൂരമായ പാകിസ്ഥാൻ ഭീകരതയോടുള്ള തന്റെ പ്രതികരണം മോദി മറ്റൊരു തലത്തിലേക്ക് - ബ്രഹ്മോസ് മിസൈലുകളിലേക്ക് ഉയർത്തി”- ഗുരുമൂർത്തി കൂട്ടിച്ചേർത്തു.