Asianet News MalayalamAsianet News Malayalam

ഭഗവാന്‍ കൃഷ്ണന്റെ പേരില്‍ മരം മുറിയ്ക്കാനാകില്ല; യുപി സര്‍ക്കാറിനോട് സുപ്രീം കോടതി

മഥുര ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള റോഡ് വീതി കൂട്ടാന്‍ 2940 മരങ്ങള്‍ മുറിക്കാനാണ് യുപി സര്‍ക്കാര്‍ അനുമതി തേടിയത്.
 

Cannot cut trees for Lord Krishna, Says Supreme court
Author
New Delhi, First Published Dec 3, 2020, 9:46 AM IST

ദില്ലി: മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് റോഡ് വീതി കൂട്ടാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കത്തിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. 3000ത്തോളം മരങ്ങള്‍ മുറിച്ച് റോഡ് വീതി കൂട്ടാന്‍ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. പരിസ്ഥിതി സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ഭഗവാന്‍ കൃഷ്ണന്റെ പേരില്‍ നിങ്ങള്‍ക്ക് ഇത്രയും മരങ്ങള്‍ മുറിക്കാന്‍ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ യുപി സര്‍ക്കാറിനോട് പറഞ്ഞു.

മഥുര ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള റോഡ് വീതി കൂട്ടാന്‍ 2940 മരങ്ങള്‍ മുറിക്കാനാണ് യുപി സര്‍ക്കാര്‍ അനുമതി തേടിയത്. 134.41 കോടി നഷ്ടപരിഹാരം നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. മുറിക്കുന്നതിനേക്കാള്‍ കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാമെന്ന യുപി സര്‍ക്കാറിന്റെ വാദവും കോടതി അംഗീകരിച്ചില്ല. 100 വര്‍ഷത്തോളം പഴക്കമുള്ള മരങ്ങള്‍ക്ക് പകരം വെക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. മരങ്ങളുടെ മൂല്യം ലളിതമായി കണക്കാക്കാനാകില്ലെന്നും അവ ഓക്‌സിജന്‍ നല്‍കുന്നവയാണെന്നും മൂന്നംഗ  ബെഞ്ച് നിരീക്ഷിച്ചു.

മരങ്ങളുടെ മൂല്യം സംബന്ധിച്ച് മറ്റൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. മരങ്ങള്‍ ഗതാഗത പ്രശ്‌നമുണ്ടാക്കുന്നുവെന്ന വാദവും കോടതി അംഗീകരിച്ചില്ല. വേഗത കുറയുന്നത് അപകടമൊഴിവാക്കാന്‍ നല്ലതാണെന്നും യാത്ര കൂടുതല്‍ സുരക്ഷിതമാകുമെന്നും കോടതി നിരീക്ഷിച്ചു.
 

Follow Us:
Download App:
  • android
  • ios