ദില്ലി: തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ എസ്പി നേതാവ് ആസംഖാന് മാപ്പ് നല്‍കാന്‍ സാധിക്കില്ലെന്ന് ബിജെപി എംപി രമാദേവി. 'അദ്ദേഹം ക്ഷമാപണം നടത്തിയാലും മാപ്പ് നല്‍കാന്‍ ഇനി സാധിക്കില്ല. സ്പീക്കറുടെ കസേരയില്‍ ഞാന്‍ ഇരിക്കുന്ന സമയത്താണ് ആസംഖാന്‍ മോശം പ്രയോഗം നടത്തിയത്. രണ്ട് തവണയാണ് അദ്ദേഹം അധ്യക്ഷനെ അധിക്ഷേപിച്ചത്. ആദ്യം മോശം പദപ്രയോഗത്തിലൂടെയും രണ്ടാമത് മാപ്പ് പറയാതിരുന്നതിലൂടെയും. 

സംഭവം നടന്ന ദിവസം തന്നെ അദ്ദേഹം ക്ഷമാപണം നടത്തിയിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തിന് മാപ്പ് നല്‍കിയേനെ. എന്നാല്‍ അതിനദ്ദേഹം തയ്യാറായില്ല. രമാദേവിയെയല്ല പകരം ഈ രാജ്യത്തെ ഒരോ സ്ത്രീകളെയുമാണ് അദ്ദേഹം അവഹേളിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു'. 

മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് എസ്‍പി എംപി ആസം ഖാന്‍ മോശം പരാമര്‍ശം നടത്തിയത്. സ്പീക്കര്‍ ചെയറിലിരിക്കുകയായിരുന്ന രമാ ദേവിയോട് എനിക്ക്  നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു ആസം ഖാന്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്നും ആസം ഖാന്‍റെ പരാമര്‍ശം നീക്കണമെന്നും രമാ ദേവി ആവശ്യപ്പെട്ടിരുന്നു