കഴിഞ്ഞ ഒക്ടോബറിൽ  സോനിത്പുര്‍ ജില്ലയില്‍ അ‍ഞ്ച് പേരുടെ ജീവനെടുത്ത് കലിതുള്ളിയ ബിന്‍ലാദനെന്ന് വിളിക്കപ്പെട്ട കൃഷ്ണയെന്ന ആന ചരിഞ്ഞു

ഗുവാഹത്തി: കഴിഞ്ഞ ഒക്ടോബറിൽ സോനിത്പുര്‍ ജില്ലയില്‍ അ‍ഞ്ച് പേരുടെ ജീവനെടുത്ത് കലിതുള്ളിയ ബിന്‍ലാദനെന്ന് വിളിക്കപ്പെട്ട കൃഷ്ണയെന്ന ആന ചരിഞ്ഞു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആനയെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലാക്കിയിരുന്നു. അവിടെ വച്ച് ഏഴ് ദിവസത്തിന് ശേഷമാണ് ആന ചരിഞ്ഞത്. 

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.അതേസമയം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമെ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നും ശരീരത്തില്‍ നിരവധി മുറിവുകളും പാടുകളും ഉണ്ടായിരുന്നെന്നും അധികൃതര്‍ അറിയിച്ചു. കാട്ടിലെ ആൺ ആനകളുടെ എണ്ണത്തില്‍ വന്ന വർധനവ് കാരണം ഇണചേരേണ്ട സമയത്ത് പെണ്ണാനയെ കിട്ടാതിരുന്നതിനാലാണ് ആന ഇടഞ്ഞെതാണ് വിദഗ്ധര്‍ പറഞ്ഞത്. 

അസമിലെ സോനിത്പൂര്‍ ജില്ലയില്‍ ഒറ്റ ദിവസം മൂന്ന് സിത്രീകളെയടക്കം അഞ്ച് പേരെയാണ് ആന കൊന്നത്. കൊലയാളി ആനയെ നാട്ടുകാര്‍ പിന്നീട് ബിന്‍ ലാദന്‍ എന്ന് വിളിക്കുകയായിരുന്നു. ഇത്രയും പേരെ കൊന്നതിനാലാണ് നാട്ടുകാര്‍ ഈ കാട്ടാനയെ ലാദന്‍ എന്ന് വിളിക്കാന്‍ തുടങ്ങിയതെന്ന് അസം വനംവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. 

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലായിരുന്നു ആനയെ ഗോള്‍പ്പാറ ജില്ലിയിലെ വനത്തില്‍ കണ്ടെത്താനായത്. ഡ്രോണും പ്രദേശിക വളര്‍ത്താനകളെയും നാട്ടുകാരെയും ഉള്‍പ്പെടുത്തിയ വന്‍ സംഘത്തോടൊപ്പമാണ് വനം വകുപ്പ് ബിന്‍ ലാദനെ തിരയാന്‍ തുടങ്ങിയത്. ആനയെ കണ്ടെത്തിയയുടനെ രണ്ട് വിദഗ്ദരായ മയക്കുവെടിവെപ്പുകാര്‍ വെടിയുതിര്‍ത്തെന്നും വെടികൊണ്ട ആന താമസിക്കാതെ മയങ്ങിവീണെന്നുമായിരുന്നു വനം വകുപ്പ് റിപ്പോര്‍ട്ട്.

ആനയെ പിടികൂടാന്‍ സഹായിച്ച ടിവി റെഡ്ഡി എംഎല്‍എയെ അഭിനന്ദിച്ച് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്തെത്തിയിരുന്നു. കുപിതരായ ആനകളെ മെരുക്കുന്നതില്‍ മിടുക്ക് കാണിക്കുന്ന എംഎല്‍എയുടെ സഹായം വനംവകുപ്പ് തേടുകയായിരുന്നു. ആന ചരിഞ്ഞതോടെ സന്നദ്ധ സംഘടനകള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ആനയുടെ മരണത്തില്‍ എംഎല്‍എയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. വിദഗ്ധരുണ്ടായിട്ടും എംഎല്‍എയെ ആനയെ പിടിക്കാന്‍ വിളിച്ചത് ദുരൂഹമാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.