ബുധനാഴ്ച നടന്ന അപകടത്തിന് ശേഷം സ്ഥലത്തു നിന്ന് അപ്പോൾ രക്ഷപ്പെട്ട 17 കാരനെ ഇന്നാണ് കണ്ടെത്തിയത്.

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു. ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ കാറിൽ നിന്ന് ഇറങ്ങിയോടിയ 17 വയസുകാരനെ പിന്നീട് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ബിസ്റാക് ഏരിയയിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

റോഡരികിലൂടെ യുവതി നടന്നുവരുന്നത് വീഡിയോയിൽ കാണാം. നല്ല വേഗതയിൽ റോഡിലേക്ക് എത്തുന്ന കാ‍ർ ഒരു ട്രാക്ടറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതോടെ ഡ്രൈവ‍ർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. തുടർന്നാണ് ഒരു വശത്തേക്ക് കാർ നീങ്ങിയതും നല്ല വേഗതയിൽ തന്നെ യുവതിയുടെ ശരീരത്തിലേക്ക് ഇടിച്ചുകയറിയതും. യുവതിയെയും വലിച്ചിഴച്ചു കൊണ്ട് കാർ പിന്നെയും കുറച്ചു കൂടി മുന്നോട്ട് നീങ്ങി ഒരു പോസ്റ്റിൽ ഇടിക്കുകയും ചെയ്തു.

ഉത്ത‍ർപ്രദേശിലെ ഹർദോയ് ജില്ലക്കാരിയായ യുവതി ഒരു കെട്ടിട നി‍ർമാണ സൈറ്റിൽ ജോലി ചെയ്യുകയായിരുന്നു. താമസ സ്ഥലത്തു നിന്ന് ജോലി സ്ഥലത്തേക്ക് പോവുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യുവതി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെടുകയും ചെയ്തു. അപകടത്തിന് തൊട്ടു പിന്നാലെ 17കാരൻ കാറിൽ നിന്ന് പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം