കാറിന്റെ ഉടമയെ ആണ് കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാൽ ഇയാൾ ദേവേന്ദ്ര എന്ന വ്യക്തിക്ക് കാർ വിറ്റിരുന്നു. വാഹനം വിറ്റതിന്റെ രേഖകൾ ഇയാൾ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് നൽകി. ഓഖല സ്വദേശിക്കാണ് ഇയാൾ കാർ വിറ്റത്.   

ദില്ലി: ദില്ലിയിലെ റെഡ്‌ഫോർട്ടിനടുത്ത് നടന്ന ഉഗ്ര സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിൽ അറസ്റ്റിലായ ആളെ വിട്ടയച്ചെന്ന് സൂചന. കാറിന്റെ ഉടമയെ ആണ് സ്ഫോടനവുമായി ബനധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ ദേവേന്ദ്ര എന്ന വ്യക്തിക്ക് കാർ വിറ്റിരുന്നതായി കണ്ടെത്തി. വാഹനം വിറ്റതിന്റെ രേഖകൾ ഇയാൾ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് നൽകി. ഓഖല സ്വദേശിയായ ദേവേന്ദ്രക്കാണ് കാർ വിറ്റത്. മൊഹമ്മദ് സൽമാൻ ആയിരുന്നു വാഹനത്തിൻറെ ആദ്യ ഉടമ. അതേസമയം, സ്ഫോടനത്തിൽ 13 പേർക്ക് ജീവൻ നഷ്ടമാകുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഒരാളെ മാത്രമാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. യുപി സ്വദേശി അശോക് കുമാറാണ് കൊല്ലപ്പെട്ടത്. 

Add Asianetnews as a Preferred SourcegooglePreferred

ഭീകരാക്രമണമെന്ന് സൂചന

അതേസമയം ദില്ലിയെ നടുക്കിയ കാർ ബോംബ് സ്ഫോടനം ഭീകരാക്രമണമെന്ന സൂചനയാണ് ഉന്നത വൃത്തങ്ങൾ നൽകുന്നത്. ഇക്കാര്യത്തിൽ വരും മണിക്കൂറുകളിൽ സ്ഥിരീകരണമുണ്ടാകും. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായിട്ടുണ്ട്. സ്ഫോടനം നടന്നത് 6.55 ഓടെയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുള്ള വാഹനങ്ങളും തകർന്നെന്ന് ദില്ലി കമ്മീഷണർ പറഞ്ഞു. കാറിനുള്ളിൽ ഒന്നിലധികം പേ‍ർ ഉണ്ടായിരുന്നെന്നും വ്യക്തമായിട്ടുണ്ട്. ദില്ലിയിൽ പൊട്ടിത്തെറിച്ചത് പുതിയ വാഹനമാണെന്നും സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രം പുറത്തുവന്നിട്ടുണ്ട്. എന്നാൽ പുതിയ വാഹനമാണെന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

അമിത് ഷാ സ്ഥലത്ത്

അതിനിടെ ദില്ലി സ്ഫോടനം നടന്ന സ്ഥലത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ എത്തി. പൊട്ടിത്തെറി സംഭവിച്ചത് ഐ 20 കാറിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറ‌ഞ്ഞു. പരിക്കേറ്റവരെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അമിത് ഷാ. വിശദമായ പരിശോധന നടക്കുകയാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. എൻ ഐ എ അടക്കമുള്ള എല്ലാ ഏജൻസികളും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അമിത് ഷാ വ്യക്തമാക്കി.

YouTube video player