കാർ മറി‌ഞ്ഞത് കണ്ടപ്പോൾ ബൈക്ക് അഭ്യാസികൾ സ്ഥലംവിട്ടുവെന്ന് നാട്ടുകാർ പറഞ്ഞു. അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്.

മുസഫർപൂർ: റോഡ‍ിൽ ബൈക്കുകളുമായി അഭ്യാസ പ്രകടനം നടത്തുകയായിരുന്ന യുവാക്കളെ രക്ഷിക്കാനായി വാഹനം വെട്ടിച്ചത് വൻ അപകടത്തിൽ കലാശിച്ചു. നിയന്ത്രണംവിട്ട മഹീന്ദ്ര സ്കോർപിയോ കാർ റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. നാല് പേർക്ക് ഗുരുതര പരിക്കേറ്റു. ബിഹാറിലെ മുസഫർപൂരിൽ ശനിയാഴ്ചയായിരുന്നു സംഭവം.

മഹാകുംഭമേളയിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന നേപ്പാളി പൗരന്മാർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മരണപ്പെട്ടവർ എല്ലാവരും നേപ്പാളി പൗരന്മാരാണ്. ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ വാഹനം ഇടിയുടെ ആഘാതത്തിൽ അഞ്ച് തവണ മറിഞ്ഞു. അപകടത്തിൽ കാർ പൂർണമായി തകർന്നു. ഒരു ടയർ പൊട്ടി വാഹനത്തിനകത്തേക്ക് കയറി. റോഡിലും വാഹനത്തിനുള്ളിലും രക്തം തളംകെട്ടി നിൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഒൻപത് പേരാണ് കാറിലുണ്ടായിരുന്നത്. അഞ്ച് പേർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. നാല് പേരുടെ പരിക്കുകൾ ഗുരുതരമാണ്. നാലു വരികളുള്ള റോഡിൽ ചിലർ ബൈക്കുകളുമായി അഭ്യാസം നടത്തുകയായിരുന്നുവെന്നു നല്ല വേഗത്തിൽ വന്ന കാർ, ഇവരിൽ ഒരാളെ ഇടിക്കുമെന്നായപ്പോൾ രക്ഷിക്കാനായി ഡ്രൈവർ പെട്ടെന്ന് കാർ വെട്ടിക്കുകയായിരുന്നു എന്നുമാണ് രക്ഷപ്പെട്ടവർ പറഞ്ഞത്. ഡിവൈ‍റിൽ ഇടിച്ച് കാർ മറിഞ്ഞതോടെ ബൈക്ക് അഭ്യാസികൾ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.

കാറിന്റെ എയർ ബാഗുകൾ തുറന്നിരുന്നില്ലെന്നും ഇത് അപകടത്തിന്റെ ആഘാതം വ‍ർദ്ധിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. പ്രദേശവാസികളാണ് പരിക്കേറ്റവരെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ശ്രീകൃഷ്ണ മെമ്മോറിയൽ മെഡിക്കൽ കോളേജിലാണ് ഇവരെല്ലാവരും ചികിത്സയിൽ കഴിയുന്നത്. നേപ്പാളി അധികൃതരെ വിവരം അറിയിച്ചതായും കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം