ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയെന്ന കേസില്‍ നടി ഭാനുപ്രിയയ്ക്ക് കുരുക്ക് മുറുകുന്നു. ആന്ധ്രാസ്വദേശിയായ സ്ത്രീയുടെ പരാതിയില്‍ ജുവനൈല്‍ വകുപ്പുകളില്‍ ഭാനുപ്രിയ്ക്ക് എതിരെ പൊലീസ് കേസ് എടുത്തു. നടിയെ ഉടന്‍ ചോദ്യം ചെയ്യാന്‍ തമിഴ്നാട് പൊലീസ് വിളിച്ചുവരുത്തും

ആന്ധ്രാസ്വദേശിനി നല്‍കിയ പരാതിയിലാണ് ചെന്നൈ പോണ്ടിബസാര്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഭാനുപ്രിയയുടെ വീട്ടില്‍ ജോലി ചെയ്യവേ പ്രായപൂര്‍ത്തിയാകാത്ത തന്‍റെ മകളെ ശമ്പളം പോലും നല്‍കാതെ ഉപദ്രവിച്ചെന്നും, നടിയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ ലൈംഗികമായി പിഡിപ്പിച്ചെന്നുമാണ് പരാതി. 

ഐപിസി 323,506,341 വകുപ്പുകള്‍ക്ക് പുറമേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് ചുമത്തിയിട്ടുണ്ട്. പരാതിക്കാരിക്കും മകള്‍ക്കും എതിരെ കഴിഞ്ഞ ജനുവരിയില്‍ ഭാനുപ്രിയ മോഷണക്കുറ്റത്തിന് പരാതി നല്‍കിയിരുന്നു. ഒരു ലക്ഷം രൂപയും ഐ പാഡ് ക്യാമറയും മോഷ്ടിച്ചെന്ന പരാതിയില്‍ കേസ് എടുത്ത പൊലീസ് പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. 

എന്നാല്‍ വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 13ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പെണ്‍കുട്ടിയെ കുറ്റവിമുക്തയാക്കി. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതാവ്  ശിശുസംരക്ഷണ സമിതിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈ പൊലീസ് ഭാനുപ്രിയ്ക്കും സഹോദരനും എതിരെ കേസ് എടുത്തിരിക്കുന്നത്.