ഷാജഹാന്‍പുര്‍: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പരാതി നല്‍കിയ നിയമ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ സ്വാമി ചിന്മയാനന്ദിനെതിരെ കേസെടുത്തു. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സ്വാമി ചിന്മയാനന്ദ് ചെയര്‍മാനായുള്ള ഷാജഹാന്‍പുരിലെ എസ്എസ് പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി.

കോളേജിലെ ഉന്നതന്‍റെ പീഡനത്തില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് നിയമവിദ്യാര്‍ത്ഥിനി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചിച്ചിരുന്നു. 

ആഗസ്റ്റ് 23 നാണ് ഇവർ വീഡിയോ പോസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം മുതൽ ഇവരെ ഹോസ്റ്റലിൽ നിന്നും കാണാതായി. മകളെ കാണാനില്ലെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യുവതിയുടെ വീഡിയോ പുറത്തുവരുന്നതിന് രണ്ടുദിവസം മുമ്പ് അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് ചിന്മയാനന്ദിന്‍റെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശം എത്തിയതായി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ പരാതി നല്‍കിയിരുന്നു.

 മൂന്നാം വാജ്പേയി സർക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്നു സ്വാമി ചിന്മയാനന്ദ്. സ്വാമി ചിന്മയാനന്ദയ്ക്ക് എതിരെ 2011 നവംബറിൽ രജിസ്റ്റർ ചെയ്‌ത ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളുൾപ്പടെയുള്ള കേസുകൾ കഴിഞ്ഞ വർഷം യോഗി ആദിത്യനാഥ് സർക്കാർ പിൻവലിച്ചിരുന്നു. വർഷങ്ങളോളം സ്വാമി ചിന്മയാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്ന യുവതിയാണ് അന്ന് പരാതിയുമായി രംഗത്ത് വന്നത്.