പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദക്കെതിരെ കേസ്.  നിത്യാനന്ദയുടെ ആശ്രമത്തിലെ ശിഷ്യരായ രണ്ട് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തു. 

അഹമ്മദാബാദ്: പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തില്‍ തടഞ്ഞുവെച്ചെന്ന പരാതിയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ കേസ്. നാല് കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലില്‍ വെച്ചതിനുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിന്‍റെ പ്രവര്‍ത്തനത്തിനായി അനുയായികളില്‍ നിന്ന് സംഭാവനകള്‍ ശേഖരിക്കാനായാണ് നിത്യാനന്ദ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

നിത്യാനന്ദയുടെ ശിഷ്യരായ സാധ്വി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി കിരണ്‍ എന്നീ സ്ത്രീകളെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. നാലോളം കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി ഫ്ലാറ്റില്‍ താമസിപ്പിച്ചതിനും ആശ്രമത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ ശേഖരിക്കനായി ഇവരെക്കൊണ്ട് ബാലവേല ചെയ്യിച്ചതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഫ്ലാറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ നാല് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിത്യാനന്ദക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. യോഗിനി സര്‍വ്വഗ്യപീഠം എന്നാണ് നിത്യാനന്ദയുടെ ആശ്രമത്തിന്‍റെ പേര്. 

അതേസമയം നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന് തങ്ങളുടെ പെൺമക്കളെ വിട്ടുകിട്ടണമെന്ന പരാതിയുമായി മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജനാർദ്ദന ശർമ്മും ഭാര്യയുമാണ് തന്റെ രണ്ട് പെൺമക്കളെ നിത്യാനന്ദ അന്യായമായി ആശ്രമത്തിൽ താമസിപ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് ​ഗുജറാത്ത് ഹൈക്കോടതിയിൽ പരാതിയുമായി എത്തിയത്. നിത്യാനന്ദയുടെ മേൽനോട്ടത്തിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ 2013- ൽ തന്റെ നാല് മക്കളെ പ്രവേശിപ്പിച്ചതായി ജനാർദ്ദന ശർമ്മ വെളിപ്പെടുത്തിയിരുന്നു.