ഛണ്ഡീഗഢ്: സ്പര്‍ധ പ്രചരിപ്പിക്കുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പഞ്ചാബി ഗായകര്‍ക്കെതിരെ പൊലീസ് കേസ്. പഞ്ചാബി ഗായകരായ ശുഭ്ദീപ് സിങ് സിദ്ദു എന്ന സിദ്ദു മൂസെ വാല, മന്‍കിരത് ഔലഖ് എന്നിവര്‍ക്കെതിരെയാണ് സ്പര്‍ധ പ്രചരിപ്പിച്ചതിനും തോക്ക് കൈവശം വെക്കുന്നത് പ്രത്സാഹിപ്പിച്ചതിനും കേസെടുത്തത്. 

അശ്ലീലച്ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ചതിനും സമാധാന അന്തരീക്ഷത്തെ തകര്‍ക്കാന്‍ ശ്രമിച്ചതിനും നിയമവിരുദ്ധമായ സംഘം ചേരലിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് മുതിര്‍ന്ന പൊലീസ് സൂപ്രണ്ട് നരേന്ദര്‍ ഭാര്‍ഗവ് അറിയിച്ചു. 

Read More: കനയ്യ കുമാര്‍ നടത്തിയ ജനഗണമന യാത്രയ്ക്ക് നേരെ കല്ലേറ്, നിരവധിപ്പേര്‍ക്ക് പരിക്ക്; പ്രവര്‍ത്തകരെന്ന് ആരോപണം

സിദ്ദു മൂസെ വാലയുടെ താമസസ്ഥലമായ മാന്‍സ ജില്ലയിലെ മുസ്സ ഗ്രാമത്തില്‍ വെച്ചാണ് പാട്ട് ചിത്രീകരിച്ചതെന്നും 'പഖിയ, പഖിയ' എന്ന് തുടങ്ങുന്ന ഗാനം പ്രത്യക്ഷത്തില്‍ തന്നെ അക്രമവും തോക്കിന്‍റെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതാണെന്നും പൊലീസ് പറ‍ഞ്ഞു. പഞ്ചാബി ഗാനങ്ങളില്‍ ആക്രമണവും തോക്ക് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വാക്കുകളുടെ ഉപയോഗം വര്‍ധിക്കുന്നതില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. യുവാക്കളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ഗായകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.