Asianet News MalayalamAsianet News Malayalam

Remark Against Gandhi : ഗോഡ്സെക്ക് അഭിവാദ്യം അർപ്പിച്ച് മതനേതാവ്, പ്രതിഷേധവുമായി കോൺഗ്രസ്, കേസെടുത്തു

"മോഹൻദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു... അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്‌സെക്ക് അഭിവാദ്യങ്ങൾ" എന്നും കാളീചരൺ പറഞ്ഞതാണ് വിവാദമായത്. 

case against religious leader for remarks against Gandhi
Author
Raipur, First Published Dec 27, 2021, 1:44 PM IST

റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിൽ (Raipur) ഇന്നലെ നടന്ന 'ധരം സൻസദ്' എന്ന 'മതങ്ങളുടെ പാർലമെന്റിൽ' മഹാത്മാഗാന്ധിയെ (Mahathma Gandhi) അപമാനിക്കുകയും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ (Nathuram Godse) പ്രശംസിക്കുകയും ചെയ്തതിന് മഹാരാഷ്ട്രയിൽ നിന്നുള്ള ഹിന്ദു മതനേതാവിനെതിരെ പൊലീസ് കേസെടുത്തു. സന്ത് കാളീചരൺ മഹാരാജിനെതിരെയാണ് പൊലീസ് കേസെടുത്തത്. കാളീചരണിന്റെ വിവാദ പ്രസംഗത്തെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോയി. മുൻ മേയർ പ്രമോദ് ദുബെ നൽകിയ പരാതിയിലാണ് പൊലീസ് കെസെടുത്തത്. 

ഭരണകക്ഷിയായ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ മോഹൻ മാർക്കവും കാളീചരണിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിച്ചടക്കുക എന്നതാണ് ഇസ്‌ലാമിന്റെ ലക്ഷ്യമെന്ന് കാളീചരൺ മഹാരാജ് തന്റെ പ്രസംഗത്തിൽ പറയുന്നത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

"മോഹൻദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു... അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്‌സെക്ക് അഭിവാദ്യങ്ങൾ" എന്നും കാളീചരൺ പറഞ്ഞതാണ് വിവാദമായത്. ഹിന്ദുമതത്തെ സംരക്ഷിക്കാൻ ഒരു ഉറപ്പുള്ള ഹിന്ദു നേതാവിനെ തിരഞ്ഞെടുക്കണമെന്നും കാളീചരൺ മഹാരാജ് ആവശ്യപ്പെട്ടിരുന്നു.

കാളീചരണിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. "മഹാത്മാഗാന്ധിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന്  ഭരണകക്ഷിയായ കോൺഗ്രസിന്റെ കമ്മ്യൂണിക്കേഷൻ വിഭാഗം തലവൻ സുശീൽ ആനന്ദ് ശുക്ല പ്രതികരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
 
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പരിപാടിയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹം പരിപാടി ഒഴിവാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കും രംഗത്തെത്തി.  "മഹാത്മാഗാന്ധിജിയെ അപമാനിക്കുന്നത് നമ്മുടെ രാജ്യത്തിന് അപമാനമാണ്. നമ്മുടെ രാഷ്ട്രപിതാവിനെ അവഹേളിച്ചതിന് കാളീചരൺ മഹാരാജിനെതിരെ കർശന നടപടിയെടുക്കുകയും കേസെടുക്കുകയും വേണം.. - നവാബ് മാലിക്ക് ട്വീറ്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios