Asianet News MalayalamAsianet News Malayalam

ദില്ലി സംഘർഷം: കാരവൻ മാഗസിനും ശശി തരൂരിനുമെതിരെ കേസെടുത്ത് ദില്ലി പൊലീസ്

തെറ്റായ വാർത്ത നൽകിയെന്ന് ആരോപിച്ചാണ് കാരവൻ മാഗസിനെതിരെ ദില്ലി പൊലീസ് കേസെടുത്തത്. ഐറ്റിഒയിൽ കർഷകൻ വെടിയേറ്റ് മരിച്ചെന്ന വാർത്തയെ സംബന്ധിച്ചാണ് കേസ്. 

case against sasi tharoor and caravan magazine by delhi police
Author
Delhi, First Published Jan 30, 2021, 9:50 PM IST

ദില്ലി: ദില്ലി സംഘർഷവുമായി ബന്ധപ്പെട്ട് കാരവൻ മാഗസിനും ശശി തരൂരിനുമെതിരെ കേസെടുത്ത് ദില്ലി പൊലീസ്. തെറ്റായ വാർത്ത നൽകിയെന്ന് ആരോപിച്ചാണ് കാരവൻ മാഗസിനെതിരെ കേസെടുത്തിരിക്കുന്നത്. ഐറ്റിഒയിൽ കർഷകൻ വെടിയേറ്റ് മരിച്ചെന്ന വാർത്തയെ സംബന്ധിച്ചാണ് കേസ്. ദില്ലി ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ യുപി പൊലീസും കർണാടക പൊലീസും കാരവൻ മാഗസിനെതിരെയും തരൂരിനെതിരെയും കേസെടുത്തിരുന്നു.

ശശി തരൂരിനും രാജ്ദീപ് സർദേശായിക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ഉത്ത‍ർപ്രദേശ് പൊലീസ് കേസെടുത്തത്. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ ലഭിച്ച പരാതിയിലാണ് നടപടി. കാരവൻ മാഗസിന്റെ വിനോദ് കെ ജോസിനും റിപ്പോർട്ടർമാ‍ർക്കും എതിരെയും കേസെടുത്തിട്ടുണ്ട്. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതേസമയം, സിംഘുവിൽ നിന്നും ഒരു മാധ്യമ പ്രവർത്തകനെ ദില്ലി പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. കാരവൻ മാഗസിന് വേണ്ടി പ്രവർത്തിക്കുന്ന മൻദീപ് പുനിയയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെയും ദില്ലി പൊലീസ് കേസെടുത്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. 

അതേസമയം, സംഘർഷ സാധ്യത മുൻനിർത്തി ഹരിയാനയിൽ കൂടുതൽ ഇടങ്ങളിലേക്ക് ഇൻ്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആകെ പതിനാറ് സ്ഥലങ്ങളിൽ നാളെ വൈകുന്നേരം 5 മണി വരെ ഇന്റർനെറ്റ് റദ്ദാക്കിയിട്ടുണ്ട്. ആകെയുള്ള 22 ജില്ലകളിൽ 18 ഇടങ്ങളിലും ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios