വിജയ് മറ്റന്നാൾ തിരുച്ചിറപ്പള്ളിയിൽ പത്രിക നൽകും. വിജയ് യുടെ അടുത്ത പൊതുയോഗം ഉടനുണ്ടാകും എന്നും ആധവ് വ്യക്തമാക്കി.
ചെന്നൈ: വിജയ‍്‍ക്കെതിരായ കേസിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിവികെ. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവേയാണ് ടിവികെ നേതാവ് ആധവ് അർജുനയുടെ പ്രതികരണം. സ്റ്റാലിന്റെ സമ്മർദ്ദം കാരണമാണ് കേസെടുത്തതെന്നും സ്ത്രീകളും യുവാക്കളും ന്യൂനപക്ഷസമുദായങ്ങളും വിജയ്ക്കൊപ്പമാണെന്നും ആധവ് അർജുന പറഞ്ഞു. വിജയ് മറ്റന്നാൾ തിരുച്ചിറപ്പള്ളിയിൽ പത്രിക നൽകും. വിജയ് യുടെ അടുത്ത പൊതുയോഗം ഉടനുണ്ടാകും എന്നും ആധവ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തത്. സ്റ്റാലിന്‍റെ മണ്ഡലത്തിലെ റോഡ്ഷോയിൽ ചട്ടലംഘനം ഉണ്ടായെന്നാണ് എഫ്ഐആര്‍. പെരമ്പൂരിൽ നാമനിർദേശപത്രിക നൽകിയതിന് ശേഷം മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ മണ്ഡലമായ കൊളത്തൂരിലേക്ക് വിജയ് നടത്തിയ റോഡ്ഷോയിലും കോർണർ യോഗത്തിലും ചട്ടലംഘനം ഉണ്ടായെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകന്‍റെ പരാതിയിലാണ് ടിവികെ അധ്യക്ഷനും 5000 പ്രവർത്തകർക്കുമെതിരെ എഫ്ഐആർ.
കൊളത്തൂരിൽ വൈകീട്ട് അഞ്ചിനും ആറിനും ഇടയിൽ 5 ലൌഡ്സീപ്പർ ഉപയോഗിച്ചുളള പ്രചാരണത്തിനാണ് വിജയ്ക്ക് അനുമതി ഉണ്ടായിരുന്നത്. എന്നാൽ മൂന്ന് മണിക്ക് ശേഷം കൊളത്തൂരിലെത്തിയ വിജയ് അനുമതിയില്ലാതെ ടിവികെ പ്രവർത്തകരെ അഭിസംബോധന ചെയ്തെന്നും 30 ഉച്ചഭാഷിണികൾ ഉപയോഗിച്ചെന്നും പൊലീസ് പറയുന്നു. അനുവദിച്ചതിലും ഏറെ അധികം 5000ഓളം ആളുകൾ വിജയ് യെ കാണാനെത്തി ആംബുലൻസിന്ർറെ വഴി തടഞ്ഞു, പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കി , ഓട്ടോ ഡ്രൈവറെ ടിവികെ ജില്ലാ സെക്രട്ടറി തടഞ്ഞ് അസഭ്യം പറഞ്ഞു എഫ്ഐആറിൽ ആരോപിക്കുന്നുണ്ട്. വിജയുടെ റോഡ്ഷോയിലെ ആൾക്കൂട്ടം കണ്ട് ഡിഎംകെ നേതാക്കൾ പരിഭ്രാന്തരായെന്ന് ടിവികെ ആരോപിക്കുന്നു.
സംസ്ഥാന പര്യടനത്തിന് തുടക്കമിടാൻ തിരുവാരൂരിലേക്ക് പോകുന്നതിനിടെ സ്റ്റാലിന്‍റെ വാഹനം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ തടയുന്ന ദൃശ്യങ്ങൾ ഡിഎംകെ പ്രചരിപ്പിക്കുന്നതും ശ്രദ്ധേയമായി. അതേസമയം കെ.അണ്ണാമലൈയെ ഒതുക്കാൻ പാർട്ടിക്കുള്ളിൽ ശ്രമം നടക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെ വൈകീട്ട് പുറത്തിറങ്ങുന്ന ബിജെപി സ്ഥാനാർത്ഥി പട്ടികയെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേന്ദ്രങ്ങൾ. കേന്ദ്രമന്ത്രി എൽ.മുരുകൻ കോയമ്പത്തൂർ അവിനാശിയിൽ മത്സരിച്ചേക്കും.

