കൊല്‍ക്കത്ത: പൊലീസിനെയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ആഹ്വാനം നടത്തിയ പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷനെതിരെ കേസെടുത്തു. ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെയാണ് മമതാ ബാനര്‍ജി സര്‍ക്കാര്‍ സ്വമേധയാ കേസെടുത്തത്. തിങ്കളാഴ്ച കിഴക്കന്‍ മിഡ്നാപ്പൂരില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

'തൃണമൂല്‍ ഗുണ്ടകളെയോ പൊലീസിനെയോ ഭയപ്പെടേണ്ടതില്ല. നിങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ തൃണമൂല്‍ പ്രവര്‍ത്തരേയും പൊലീസിനെയും തിരിച്ച് ആക്രമിക്കണം. ആരേയും ഭയപ്പെടേണ്ടതില്ല. ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ അവര്‍ നിസാരക്കാരാണ്. മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരത്തെ വരെ അറസ്റ്റ് ചെയ്യാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് മുമ്പില്‍ തൃണമൂല്‍ നേതാക്കള്‍ വെറും പുഴുക്കള്‍ മാത്രമാണ്. ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളുണ്ടായാല്‍  ഞങ്ങള്‍ നോക്കിക്കൊള്ളും എന്നുമായിരുന്നു ദിലീപ് ഘോഷിന്‍റെ പ്രസ്താവന.

ഇതേത്തുടര്‍ന്നാണ് ആക്രമണത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തത്. 'പശ്ചിമബംഗാള്‍ സര്‍ക്കാര്‍ മുമ്പ് 22 കേസുകള്‍ എനിക്കെതിരെ എടുത്തിട്ടുണ്ട്. ഇപ്പോള്‍ ഒരെണ്ണം കൂടിയായി. ഇത് എന്നെ ബാധിക്കില്ലെന്നുമായിരുന്നു കേസെടുത്തതിനെക്കുറിച്ചുള്ള ദിലീപ് ഘോഷിന്‍റെ പ്രതികരണം.