ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ ജാതി സെൻസസിനുള്ള ആവശ്യം കടുപ്പിക്കുകയാണ് ഉത്തരേന്ത്യയിലെ പ്രാദേശിക പാര്‍ട്ടികള്‍
ദില്ലി: രാജ്യത്ത് ജാതി സെന്‍സസ് വേണമെന്ന് ആവശ്യമുയര്‍ത്തി ബിഎസ്പി. ജാതി സെന്‍സസിനായി സമാജ്‍വാദി പാർട്ടിയും നിതീഷ്കുമാറും പ്രചാരണം ശക്തമാക്കുമ്പോഴാണ് മായാവതിയും നിലപാട് വ്യക്തമാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജാതി സെൻസസ് ആവശ്യം ഉന്നയിച്ച് ബിജെപിയെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.
ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ ജാതി സെൻസസിനുള്ള ആവശ്യം കടുപ്പിക്കുകയാണ് ഉത്തരേന്ത്യയിലെ പ്രാദേശിക പാര്‍ട്ടികള്‍. ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെ മറികടക്കാൻ ജാതി സെന്‍സസിനാകുമെന്ന കണക്ക് കൂട്ടലിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഈ നീക്കം . ബിഹാറില്‍ ജെഡിയു - ആർജെഡി സഖ്യ സർക്കാര്‍ ജാതി സെൻസസിനായുള്ള ആദ്യഘട്ട വിവര ശേഖരണം തുടങ്ങിക്കഴിഞ്ഞു. പിന്നാലെയാണ് ഉത്തർപ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടിയും സമാന നീക്കം നടത്തുന്നത്.
ഇന്നലെ യുപി നിയമസഭയില്‍ ജാതി സെൻസസ് വിഷയം ഉന്നയിച്ച് ബിജെപിക്കെതിരെ അഖിലേഷ് യാദവും പാര്‍ട്ടിയും പ്രതിഷേധം ഉയർത്തിയിരുന്നു. ഇന്ന് മുതല്‍ ജനങ്ങളിലേക്ക് നേരിട്ട് വിഷയം എത്തിക്കാനുള്ള പ്രചാരണവും തുടങ്ങി. ബിജെപി സഖ്യകക്ഷിയായ അപ്നാദള്‍, നിഷാദ് പാര്‍ട്ടി എന്നിവരെ ജാതി സെൻസസ് വിഷയം ഉയര്‍ത്തി സമ്മർദ്ദത്തിലാക്കാനും സമാജ്‍വാദി പാര്‍ട്ടി ശ്രമിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ബിഎസ്പിയും നിലപാട് വ്യക്തമാക്കുന്നത്. നീക്കത്തെ അനുകൂലിക്കുമ്പോഴും സമാജ്‍വാദി പാര്‍ട്ടി ഭരണകാലത്ത് എന്തുകൊണ്ട് ജാതി സെൻസസ് നടത്തിയില്ലെന്ന ചോദ്യവും മായാവതി ഉന്നയിച്ചു. പ്രതിപക്ഷം ആവശ്യം കടുപ്പിക്കുമ്പോള്‍ ബിജെപിക്ക് വിഷയം ഇരുതല മൂർച്ചയുള്ള വാളാണ്. സെൻസസ് നടത്തിയാല്‍ അതിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണത്തിനായി വർഷങ്ങളോളം നീളുന്ന സമര പരമ്പര തന്നെ തുടങ്ങുമെന്നതാണ് ബിജെപിയുടെ ആശങ്ക. എന്നാല്‍ ഈ ആവശ്യത്തെ ശക്തമായി എതിർക്കുന്നത് പാര്‍ട്ടിയുടെ പിന്നോക്ക, ദളിത് വിഭാഗങ്ങളിൽ വോട്ട് ചോർച്ചയ്ക്ക് ഇടയാക്കിയേക്കാം.
