ഏപ്രിൽ 17-ന് ജാതി സെൻസസ് ചർച്ച ചെയ്യാൻ വേണ്ടി മാത്രം ക്യാബിനറ്റ് യോഗമുണ്ടാകും. സാമൂഹ്യ - സാമ്പത്തിക - വിദ്യാഭ്യാസ സർവേ റിപ്പോർട്ട് എന്നാണ് ജാതി സെൻസസ് റിപ്പോർട്ടിനെ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്
ബെംഗലൂരു: കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് ക്യാബിനറ്റിൽ വച്ചു. ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് റിപ്പോർട്ട് ചർച്ചയ്ക്കായി എടുക്കാൻ തീരുമാനിച്ചത്. ഏപ്രിൽ 17-ന് ജാതി സെൻസസ് ചർച്ച ചെയ്യാൻ വേണ്ടി മാത്രം ക്യാബിനറ്റ് യോഗമുണ്ടാകും. സാമൂഹ്യ - സാമ്പത്തിക - വിദ്യാഭ്യാസ സർവേ റിപ്പോർട്ട് എന്നാണ് ജാതി സെൻസസ് റിപ്പോർട്ടിനെ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. 2015-ൽ പിന്നാക്ക കമ്മീഷൻ അധ്യക്ഷൻ എച്ച് കാന്തരാജിന്‍റെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. 2017-ൽ ഇത് അന്നത്തെ സിദ്ധരാമയ്യ സർക്കാരിന് സമർപ്പിച്ചു.
2024 ഫെബ്രുവരിയിൽ ഇതിന്‍റെ പുതുക്കിയ പതിപ്പ് സർക്കാരിന് കാന്തരാജിന്‍റെ പിൻഗാമി കെ ജയപ്രകാശ് ഹെഗ്‍ഡെ സർക്കാരിന് മുൻപാകെ സമർപ്പിച്ചു. ഇതിനെതിരെ ലിംഗായത്ത്, വൊക്കലിഗ സമുദായനേതാക്കൾ അടക്കം ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. റിപ്പോർട്ടിന്‍റെ ഉള്ളടക്കം ഇത് വരെ പുറത്ത് വിട്ടിട്ടില്ല. റിപ്പോർട്ട് എല്ലാ ക്യാബിനറ്റ് അംഗങ്ങൾക്ക് നൽകുമെന്നാണ് പിന്നോക്ക വിഭാഗ വികസന മന്ത്രി ശിവരാജ് തങ്കഡാഗി വിശദമാക്കിയത്. ഏപ്രിൽ 17ന് ചർച്ചയ്ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പിന് വേണ്ടിയാണ് ഇതെന്നുമാണ് മന്ത്രി വിശദമാക്കിയത്. 2011ലെ സെൻസസ് അനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യ 6.11 കോടിയാണ്. 2015 ൽ സർവേ നടക്കുന്ന സമയത്ത് സംസ്ഥാനത്തെ ജനസംഖ്യ 6.35 കോടിയായിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 94.17 ശതമാനത്തെയാണ് സർവ്വേയ്ക്കായി പഠനവിധേയമാക്കിയതെന്നാണ് റിപ്പോർട്ടിൽ വിശദമാക്കുന്നത്.
37 ലക്ഷം ആളുകളെ മാത്രമാണ് സർവേയ്ക്കായി ഉൾപ്പെടുത്താതെയുള്ളത്. 1.6 ലക്ഷം ഉദ്യോഗസ്ഥരാണ് സർവേ നടപടിയുമായി ചേർന്ന് പ്രവർത്തിച്ചത്. 54 മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിദഗ്ധ സമിതി സർവ്വേ നടത്തിയത്. ഭാരത് ഇലക്ട്രോണിക്സിന്റെ സഹായത്തോടെയാണ് ശേഖരിച്ച ഡാറ്റ ക്രോഡികരിച്ചത്. 165 കോടി രൂപ ചെലവിലാണ് സർവേ പൂർത്തിയായിട്ടുള്ളത്. 94 ശതമാനം ആളുകളെ ഉൾപ്പെടുത്താനായത് വലിയ വിജയമാണെന്നാണ് മന്ത്രി മാധ്യമ പ്രവർത്തകരോട് വിശദമാക്കിയത്. വെള്ളിയാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിൽ ആറ് മന്ത്രിമാർ പങ്കെടുത്തില്ല. എസ് എസ് മല്ലികാർജ്ജുൻ, ലക്ഷ്മി ഹെബ്ബാൾക്കർ, എം സി സുധാകർ, കെ വെങ്കിടേഷ്, ആർ ബി തിമ്മാപൂർ, മധു ബംഗാരപ്പ എന്നീ മന്ത്രിമാരാണ് ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്.
