2023 ഏപ്രിലിൽ മുഖ്യമന്ത്രിയുടെ വസതിയുടെ കാറ്ററിങ്ങിൽ അഴിമതി ആരോപിച്ച് അജിത് പവാർ രം​ഗത്തെത്തിയിരുന്നു.

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ഔദ്യോഗിക വസതിയായ വർഷയിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയായ സാഗറിലും ഭക്ഷണപാനീയമെത്തിക്കാൻ പ്രതിവർഷം 5 കോടി രൂപ ചെലവിൽ കേറ്ററർമാരെ നിയോഗിച്ചതിന് പിന്നാലെ, മറ്റൊരു ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വസതിയിലേക്കും 1.5 കോടി രൂപക്ക് കേറ്റർമാരെ നിയമിച്ചു. ഫഡ്‌നാവിസിന്റെ വസതിയിൽ 1.5 കോടിയും ഷിൻഡെയുടെ വീട്ടിൽ 3.5 കോടിയുമാണ് പ്രതിവർഷം കാറ്ററിംഗ് ചെലവ്. ഛത്രധാരി കാറ്റേഴ്സിനെയാണ് 1.5 കോടിക്ക് അജിത് പവാറിന്റെ വസതിയിൽ നിയമിച്ചത്.

ഏപ്രിൽ 25വരെയാണ് കരാർ. ഇതോടെ മൂന്ന് പേരുടെയും കാറ്ററിങ് തുകമാത്രം പ്രതിവർഷം ആറരക്കോടിയായി. 2023 ഏപ്രിലിൽ മുഖ്യമന്ത്രിയുടെ വസതിയുടെ കാറ്ററിങ്ങിൽ അഴിമതി ആരോപിച്ച് അജിത് പവാർ രം​ഗത്തെത്തിയിരുന്നു. നാല് മാസത്തെ ബിൽ 2.68 കോടിയായതോടെയാണ് അജിത് പവാർ അന്ന് അഴിമതി ആരോപണം ഉന്നയിച്ചത്.

Read More.... ഡി കെ ശിവകുമാറിനെതിരായ കേസ്: കർണാടക കോൺഗ്രസ് സർക്കാരിനെതിരെ സിബിഐ ഹൈക്കോടതിയിൽ

ഷിൻഡെയുടെയും ഫഡ്‌നാവിസിന്റെയും വസതികളിൽ ഭക്ഷണ പാനീയങ്ങൾ നൽകുന്നതിന് ഛത്രധാരി കാറ്ററേഴ്‌സ്, ശ്രീ സുഖ് സാഗർ ഹോസ്പിറ്റാലിറ്റി എന്നീ രണ്ട് കാറ്ററർമാരെ നിയമിച്ചുകൊണ്ട് സംസ്ഥാന പൊതുഭരണ വകുപ്പ് കഴിഞ്ഞ വർഷം ഉത്തരവ് പുറപ്പെടുവിച്ചു. കച്ചോരി, സാബുദാന വട, ദാഹി വട, വിവിധ തരം പാനീയങ്ങൾ, മസാല ദോശ, ചിക്കൻ സാൻഡ്‌വിച്ചുകൾ, താലി, ചിക്കൻ, മട്ടൺ ബിരിയാ, ബുഫെ എന്നിവയാണ് പ്രധാന വിഭവങ്ങൾ.