മുംബൈ: ഗുജറാത്തില്‍ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച നമസ്‌തേ ട്രംപ് പരിപാടിയാണ് കൊറോണ വൈറസ് വ്യാപനം ഇത്രയധികം വർദ്ധിക്കാൻ കാരണമായെതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ദില്ലിയിലേക്കും മുംബെയിലേക്കും പിന്നീടത് വ്യാപിക്കുകയായിരുന്നു. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ ദില്ലിയും മുംബൈയും സന്ദര്‍ശിച്ചത് വ്യാപനത്തിന് ശക്തി കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ഒരുക്കങ്ങളൊന്നും ഇല്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ഇപ്പോള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം എടുത്തു കളയാനുള്ള ചുമതല നല്‍കിയിരിക്കുന്നത് സംസ്ഥാനങ്ങള്‍ക്കാണെന്നും അദ്ദേഹം വിമർശിച്ചു. ശിവസേന മുഖപത്രമായ സാമ്നയിലാണ് റാവത്ത് അഭിപ്രായം രേഖപ്പെടുത്തിയത്.

"അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വാഗതം ചെയ്യുന്നതിനായി നടത്തിയ പൊതുസമ്മേളനമാണ് ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപിപ്പിച്ചത്. ഇക്കാര്യം  നിഷേധിക്കാനാവില്ല. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചു. ഇത് വൈറസ് വ്യാപിക്കാൻ കാരണമായി. റാവത്ത് പറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് മോദിയും ട്രംപും ഉൾപ്പെട്ട റോഡ് ഷോ കാണാൻ എത്തിയിരുന്നത്. ശേഷം മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലധികം പേരെ അഭിസംബോധന ചെയ്ത് ഇരുനേതാക്കളും സംസാരിച്ചിരുന്നു.

"ഗുജറാത്തിലെ ആദ്യത്തെ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മാര്‍ച്ച് 20 നാണ്. രാജ്‌കോട്ടില്‍ നിന്നുള്ള ഒരാളുടെയും സൂറത്തില്‍ നിന്നുള്ള ഒരു സ്ത്രീയുടെയും സാമ്പിളുകള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു.  കോവിഡ് മാഹാമാരി തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഉദ്ധവ് താക്കറെ നയിക്കുന്ന സഖ്യ സര്‍ക്കാരിനെ പിരിച്ചുവിട്ട്‌ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഏതൊരു നടപടിയും ആത്മഹത്യാപരമാണ്" ബിജെപി നേതാക്കളുടെ പ്രസ്താവനയ്ക്കുള്ള പ്രതികരണമായി അദ്ദേഹം പറഞ്ഞു. കൊവിഡിനെ തടയുന്ന കാര്യത്തിൽ കേന്ദ്രസര്‍ക്കാര്‍ പോലും പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.