കാവേരി തർക്കം: കർണാടകയ്ക്ക് തിരിച്ചടി, ഒക്ടോബർ 15 വരെ 3000 ഘന അടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണം
കാവേരി നദീജല അതോറിറ്റിയുടെതാണ് ഉത്തരവ്. നിലവിൽ നാല് റിസർവോയറുകളിലും സ്വന്തം ആവശ്യത്തിന് പോലും വെള്ളമില്ലെന്ന് കർണാടക അറിയിച്ചെങ്കിലും ഇത് അതോറിറ്റി പരിഗണിച്ചില്ല
ബംഗളുരു: കാവേരി നദീജല തർക്കത്തിൽ കർണാടകയ്ക്ക് തിരിച്ചടി. ഒക്ടോബർ 15 വരെ 3000 ഘന അടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കാവേരി നദീജല അതോറിറ്റി ഉത്തരവിറക്കി. നിലവിൽ നാല് റിസർവോയറുകളിലും സ്വന്തം ആവശ്യത്തിന് പോലും വെള്ളമില്ലെന്ന് കർണാടക അറിയിച്ചെങ്കിലും ഇത് അതോറിറ്റി പരിഗണിച്ചില്ല. 15 ദിവസത്തേക്ക് ഉത്തരവ് നടപ്പാക്കുന്നത് നിർത്തി വെയ്ക്കണമെന്ന് കർണാടക ആവശ്യപ്പെട്ടങ്കിലും അതും പരിഗണിക്കാനാവില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. അതേസമയം കൃഷി ചെയ്യുന്ന സ്ഥലങ്ങളുടെ വ്യാപ്തി കണക്കിലെടുത്ത് 12,500 ഘന അടി വെള്ളം ദിവസവും കിട്ടണമെന്ന് തമിഴ്നാട് അതോറിറ്റിയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം തമിഴ്നാട്ടിൽ കാവേരി നദീജല തർക്കത്തിൽ പ്രതിഷേധിച്ച് ഒരു കൂട്ടം കർഷകർ ചത്ത എലികളെ വായിൽ കടിച്ചുപിടിച്ച് പ്രതിഷേധിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. കാവേരി നദീജലം കർണാടക വിട്ട് നൽകിയില്ലെങ്കിൽ കർഷകർ അതിജീവനത്തിനായി എലി മാംസം കഴിക്കാൻ നിർബന്ധിതരാകുമെന്നതിന്‍റെ സൂചനയായിട്ടായിരുന്നു ഇത്തരമൊരു പ്രതിഷേധം കർഷകർ നടത്തിയത്. നദീജലം കിട്ടാതെ വന്നാൽ ഉണ്ടാകാൻ പോകുന്ന ദുരവസ്ഥയെ കുറിച്ച് അധികാരികളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് വേറിട്ട പ്രതിഷേധ രീതി തെരഞ്ഞെടുത്തതെന്നും കർഷകർ പറഞ്ഞു. മറുവശത്ത്, കന്നഡ അനുകൂല സംഘടനകളും കർണാടകയിലെ മാണ്ഡ്യയിലെ കർഷകരും പ്രക്ഷോഭം തുടരുകയാണ്.
Also Read: ഇരുട്ടടി ഉടനില്ല! സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ കൂടില്ല; ഉത്തരവിറക്കി റെഗുലേറ്ററി കമ്മീഷൻ
കർണാടകയും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജല തർക്കത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ കീഴിലായിരുന്ന മദ്രാസ് പ്രവിശ്യയും മൈസൂർ രാജാവും തമ്മിലായിരുന്നു ആദ്യം തർക്കം ഉടലെടുത്തത്. 1916-ൽ മൈസൂർ ഭരണകൂടം കൃഷ്ണരാജ സാഗർ അണക്കെട്ട് നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ മദ്രാസ് അധികാരികൾ അത് എതിർത്തു. കാവേരി ജലം തമിഴ്‌നാട്ടിൽ എത്തില്ലെന്നായിരുന്നു വാദം. തർക്കത്തിനൊടുവിൽ 1924-ൽ പ്രാബല്യത്തിൽ വന്ന കരാറനുസരിച്ച് മൈസൂറിന് അണക്കെട്ടുണ്ടാക്കാനുള്ള തടസ്സം മാറി. അതോടൊപ്പം മദ്രാസ് പ്രവിശ്യയിലുണ്ടായിരുന്ന മേട്ടൂർ അണക്കെട്ടിലേക്ക് ജലമെത്താൻ തടസ്സമുണ്ടാകാന്‍ പാടില്ലെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. 575.68 റ്റി.എം.സി ജലത്തിന് തമിഴ്‌നാടിന് അർഹതയുണ്ടെന്നായിരുന്നു വ്യവസ്ഥ. കൂടാതെ പുതിയതായി കർണാടക ഭാഗത്ത് ഉണ്ടാക്കുന്ന അണക്കെട്ടുകൾക്ക് തമിഴ്‌നാടിന്‍റെ സമ്മതവും ആവശ്യമായിരുന്നു.