Asianet News MalayalamAsianet News Malayalam

ലോയേഴ്സ് കളക്ടീവ് പ്രസിഡന്‍റ് ആനന്ദ് ഗ്രോവറിനെതിരെ സിബിഐ കേസ്

തങ്ങള്‍ക്കെതിരെ സിബിഐ കേസെടുത്തത് അഭിപ്രായ സ്വാതന്ത്ര്യന് നേരെയുള്ള കടന്നുകയറ്റമായി ലോയേഴ്സ് കളക്ടീവ് പ്രസ്താവനയില്‍ പറഞ്ഞു. ബിജെപിക്ക് അഹിതമായ പല കേസുകളിലും മുന്നില്‍നിന്നത് ലോയേഴ്സ് കളക്ടീവായിരുന്നു.

Cbi booked criminal case against anand grover
Author
New Delhi, First Published Jun 18, 2019, 10:03 PM IST

ദില്ലി: മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അഭിഭാഷക സംഘടനയായ ലോയേഴ്സ് കളക്ടീവിന്‍റെ പ്രസിഡന്‍റും പ്രമുഖ അഭിഭാഷകനുമായ ആനന്ദ് ഗ്രോവറിനും മറ്റ് ഭാരവാഹികള്‍ക്കുമെതിരെ  സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. വിദേശ സഹായം സ്വീകരിക്കുന്നതിലും ചെലവഴിക്കുന്നതിലും നിയമം ലംഘിച്ചെന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിദേശ ഫണ്ടുപയോഗിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരാതിയെ തുടര്‍ന്നാണ് നടപടി.

2006-2015 കാലയളവില്‍ 32 കോടി രൂപ സംഘടനക്ക് വിദേശ സഹായം ലഭിച്ചു. 2016ല്‍ പ്രാഥമിക അന്വേഷണത്തില്‍ സംഘടന നിയമം ലംഘിച്ചെന്നും വിദേശ ഫണ്ട് ചെലവഴിച്ചതിനെ സംബന്ധിച്ച് വിശദീകരണവും ആഭ്യന്തരമന്ത്രാലയം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് സംഘടനയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കി. വിദേശ ഫണ്ടുപയോഗിച്ച് കേസ് നടത്തിയെന്നും വിമാനയാത്ര നടത്തിയെന്നുമാണ്  പ്രധാന ആരോപണം. നൊവാര്‍ട്ടിസ് കേസില്‍ സുപ്രീം കോടതിയില്‍ ഹാജരാകാന്‍ ആനന്ദ് ഗ്രൊവാര്‍ വിമാനത്തിലാണ് എത്തിയത്. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും  പ്രമുഖ അഭിഭാഷകയുമായ ഇന്ദിര ജെയ്സിംഗിന്‍റെ ഭര്‍ത്താവാണ് ആനന്ദ് ഗ്രോവര്‍. ഇന്ദിര ജയ്സിംഗിനെതിരെയും വിദേശ ഫണ്ടുപയോഗിച്ച് വിമാനയാത്ര നടത്തിയതിന് കേസെടുത്തിരുന്നെങ്കിലും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയില്ല. 

തങ്ങള്‍ക്കെതിരെ സിബിഐ കേസെടുത്തത് അഭിപ്രായ സ്വാതന്ത്ര്യന് നേരെയുള്ള കടന്നുകയറ്റമായി ലോയേഴ്സ് കളക്ടീവ് പ്രസ്താവനയില്‍ പറഞ്ഞു. ബിജെപിക്ക് അഹിതമായ പല കേസുകളിലും മുന്നില്‍നിന്നത് ലോയേഴ്സ് കളക്ടീവായിരുന്നു. പ്രമാദമായ സൊഹ്റാബുദ്ദീന്‍ കേസിലും ലോയേഴ്സ് കളക്ടീവ് ഇടപെട്ടിരുന്നു. ലോയേഴ്സ് വോയിസ് എന്ന ബിജെപി സ്പോണ്‍സേഡ് സംഘടനയാണ് തങ്ങള്‍ക്കെതിരെയുള്ള പരാതിക്ക് പിന്നിലെന്നും ഇവര്‍ ആരോപിച്ചു. സുപ്രീം കോടതിയില്‍ മുന്‍ ജീവനക്കാരിയുടെ ലൈംഗിക പീഡന പരാതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനെതിരെ സംഘടന രംഗത്തുവന്നിരുന്നു. ഭീമ കൊറേഗാവ് കേസ്, കൊല്‍ക്കത്ത പൊലീസ് കമീഷണര്‍ രാജീവ് കുമാര്‍ എന്നിവര്‍ക്കായും ലോയേഴ്സ് കളക്ടീവ് ഇടപെട്ടിരുന്നു. ആനന്ദ് ഗ്രോവറും ഇന്ദിര ജെയ്സിംഗുമാണ് സംഘനട രൂപീകരിക്കാന്‍ മുന്നില്‍നിന്നത്. 

Follow Us:
Download App:
  • android
  • ios