ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, ആദായ നികുതി വകുപ്പ്, ഇഡി എന്നീ ഏജന്‍സികള്‍ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. കൂടെ സിബിഐയും

ദില്ലി: വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനെതിരെ സിബിഐ അന്വേഷണവും. വിദേശ ഫണ്ട് സ്വീകരിച്ചതിലെ ചട്ട ലംഘനം സംബന്ധിച്ചാണ് അന്വേഷണം. നടപടിയുടെ ഭാഗമായി ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയുടെ വസതിയില്‍ സിബിഐ പരിശോധന നടത്തി. 

ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍, ദില്ലി പൊലീസിന്‍റെ തന്നെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് എന്നീ ഏജന്‍സികള്‍ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് സിബിഐ കൂടി അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തിയ ഇഡിയുടെ നിര്‍ദേശ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയവും അന്വേഷണത്തിന് പച്ചക്കൊടി കാട്ടി. 

മൂന്ന് ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നായി 115 കോടിയോളം രൂപ ന്യൂസ് ക്ലിക്കിലേക്ക് എത്തിയെന്നാണ് ഇഡിയും ദില്ലി പൊലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പറയുന്നത്. വിദേശ സംഭാവന സ്വീകരിച്ചതില്‍ ചട്ടലംഘനം നടന്നെന്നാണ് ആരോപണം. രാവിലെ പ്രബിര്‍ പുര്‍കായസ്തയുടെ വസതിയിലെത്തിയ എട്ടംഗ സിബിഐ സംഘം ബാങ്ക് അക്കൗണ്ട് രേഖകളടക്കം പരിശോധിച്ചു. പ്രബിറിന്‍റെ പങ്കാളിയും എഴുത്തുകാരിയുമായ ഗീതാ ഹരിഹരനെയും ചോദ്യംചെയ്തു. 

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് ദില്ലിയിലും 5 സംസ്ഥാനങ്ങളിലും എൻഐഎ റെയ്ഡ്

ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട രണ്ടിടങ്ങളില്‍ പരിശോധന നടന്നുവെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്ന ആക്ഷേപം ദില്ലി ഹൈക്കോടതിയിലും പട്യാല കോടതിയിലും ന്യൂസ് ക്ലിക്ക് തള്ളിയിരുന്നു. ചട്ടങ്ങള്‍ പാലിച്ച് ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമേ സംഭാവനകള്‍ സ്വീകരിച്ചിട്ടുള്ളൂവെന്നും ഇഡി നേരത്തെ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും ന്യൂസ് ക്ലിക്ക് അവകാശപ്പെടുകയുണ്ടായി.

ന്യൂസ് ക്ലിക്കിന്‍റെ മുദ്ര വെച്ച ഓഫീസിൽ നിന്ന് കൂടുതൽ ഉപകരണങ്ങളും രേഖകളും ദില്ലി പൊലീസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. എന്നാല്‍ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും അതൊന്നും മാധ്യമപ്രവർത്തനത്തിന് തടസ്സമാകില്ലെന്ന നിലപാടിലാണ് മാധ്യമപ്രവര്‍ത്തകര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം