സിബിഎസ്ഇ വിവാദത്തിൽ നിർണായക നടപടിയുമായി കേന്ദ്രസർക്കാർ. സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയും മാറ്റി. ഓൺ സ്ക്രീൻ മാർക്കിംഗിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.
ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിലെ വിവാദത്തിൽ നിർണായക നടപടിയുമായി കേന്ദ്രസർക്കാർ. സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയും മാറ്റി. ഓൺ സ്ക്രീൻ മാർക്കിംഗിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെയാണ് മാറ്റിയത്. അന്വേഷണസമിതിയും നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് നടപടി. എസ് രാധ ചൗഹാന് ആണ് ആഭ്യന്തര അന്വേഷണസമിതി ചുമതല. നിലവിൽ കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷൻ ചെയർപേഴ്സൺ ആണ്.
അതേസമയം, പുനർമൂല്യനിർണയത്തിനായി പത്ത് മണിക്കൂറിൽ അപേക്ഷിച്ചത് പതിനാറായിരത്തോളം പേരാണ്. ഇന്ന് പുലർച്ചെയാണ് വെബ്സൈറ്റ് പ്രവർത്തനക്ഷമമായത്. ഈ മാസം 6 വരെ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാം. പുതിയ പോർട്ടലിനെതിരെ സൈബർ ആക്രമണശ്രമം പ്രതിരോധിച്ചെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ഓൺസ്ക്രീൻ മാർക്കിംഗിന് വിവാദ കമ്പനിയായ കോംപ്റ്റിന് കരാർ നൽകാൻ ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതിന്‍റെ രേഖകളും പുറത്ത് വന്നു.
രണ്ടാഴച്ചയോളം വിദ്യാർത്ഥികളെ വലച്ച് ഒടുവിലാണ് പുനർമൂല്യനിർണ്ണയത്തിനുള്ള സിബിഎസ്ഇ വെബ്സെറ്റ് പ്രവർത്തനം തുടങ്ങിയത്. ഇന്നലെ തുടങ്ങുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നെങ്കിലും ഇന്ന് പുലർച്ചെ നാലരയോടെയാണ് പോർട്ടൽ പ്രവർത്തനം തുടങ്ങിയത്. ആദ്യഘട്ടത്തിലുണ്ടായിരുന്നു ചില പ്രശ്നങ്ങൾ പരിഹരിച്ചെന്നും നിലവിൽ പ്രവർത്തനം സുഗമാണെന്നും ബോർഡ് അവകാശപ്പെട്ടു. പോർട്ടൽ പ്രവർത്തനക്ഷമമാക്കാൻ കൂടുതൽ വിദഗ്ധരുടെ സഹായം ഇന്നലെ സർക്കാർ തേടിയിരുന്നു. അപേക്ഷ എങ്ങനെ നൽകാം എന്നത് വിശദീകരിക്കുന്ന വിഡിയോയും സിബിഎസ്ഇ തയ്യാറാക്കി. ഡെസ്ക്ടോപിലോ ലാപ്ടോപിലോ തന്നെ പോർട്ടൽ തുറക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിനിടെ സൈറ്റിന് നേരെ സൈബർ ആക്രമണശ്രമം നടന്നെന്ന് എന്ന് സിബിഎസ്ഇ വ്യക്തമാക്കി. സേവനം തടസ്സപ്പെടുത്താനായിരുന്നു നീക്കം. ഇതിനെ പ്രതിരോധിച്ചെന്ന് ബോർഡ് അറിയിച്ചു. കോംപ്റ്റിന് ഓഎസ്എം കരാർ നൽകിയതിൽ അഴിമതി ആരോപണം കത്തുകയാണ്. വിഷയത്തിൽ കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം സിബിഎസ്ഇയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. ടെൻഡറിന്റെ വിശദാംശങ്ങളിൽ കൃത്യമായ പരിശോധന നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സിബിഎസ്ഇ നല്കുന്ന റിപ്പോർട്ട് പഠിച്ച ശേഷം കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണോയെന്ന് തീരുമാനിക്കും.

