നോയിഡയിൽ ആഡംബര കാർ ഉപയോഗിച്ച് അപകടകരമായ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

നോയിഡ: നോയിഡ സെക്ടർ 44-ൽ ഒരു ആഡംബര സ്പോർട്സ് കാർ ഉപയോഗിച്ച് അപകടകരമായ അഭ്യാസപ്രകടനം നടത്തുന്നതിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. നേരത്തെ കണ്ടിട്ടുള്ള ഇത്തരം സംഭവങ്ങൾക്ക് സമാനമായി, റോഡിലെ അശ്രദ്ധമായ ഡ്രൈവിങ് അഭ്യാസങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കുകയാണ് നെറ്റിസൺസ്.

സാമൂഹിക മാധ്യമങ്ങളിൽ റീൽ ചെയ്യുന്നതിനായി ഡ്രൈവർ റോഡിൻ്റെ നടുവിൽ വെച്ച് കാർ വട്ടത്തിൽ കറക്കുകയായിരുന്നു. കാറിന്റെ ടയര്‍ റോഡിൽ ഉരസി, കനത്ത പുക ഉയരുന്നതും വീഡിയോയിൽ കാണാം. സംഭവം മുഴുവൻ സിസിടിവി ക്യാമറയിൽ പതിയുകയായിരുന്നു. വീഡിയോയിൽ, ഒരാൾ ആഡംബര വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ഫോണിൽ ഈ അഭ്യാസപ്രകടനം ചിത്രീകരിക്കുന്നതും കാണാം. കാർ നിരവധി തവണ വട്ടത്തിൽ കറങ്ങുകയും റോഡിൽ പുക നിറയുകയും ചെയ്തു. തൊട്ടുമുമ്പ് വരെ വാഹനങ്ങൾ പോയിക്കൊണ്ടിരുന്ന റോഡിൽ ഇത് യാത്രക്കാർക്ക് ഗുരുതരമായ സുരക്ഷാ ഭീഷണിയാണെന്ന് വീഡിയോ കണ്ടവരെല്ലാം പ്രതികരിക്കുന്നു.

അതേസമയം, വീഡിയോ വൈറലായതോടെ സംഭവം നോയിഡ ട്രാഫിക് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും വാഹനം കണ്ടെത്താൻ ഊര്‍ജിത അന്വേഷണം ആരംഭിക്കുകയും ചെയ്തു. സെക്ടർ 44 റോഡിലാണ് സംഭവം നടന്നതെന്നും ഉൾപ്പെട്ടവരെ കണ്ടെത്താൻ ശ്രമം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Scroll to load tweet…