ദില്ലി: കൊവാക്സിൻ അടിയന്തര അനുമതിക്ക് വിദ​ഗ്ധ സമിതി ശുപാർശയെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

കൊവാക്സിന്റെ നിയന്ത്രിത ഉപയോ​ഗത്തിനുള്ള അനുമതിക്കായി ഡി സി ജി ഐയോട് വിദ​ഗ്ധ സമിതി ശുപാർശ ചെയ്തെന്നാണ് റിപ്പോർട്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്സിനാണ് കൊവാക്സിൻ. 

രാജ്യത്താകെ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ ഇന്ന് പ്രഖ്യാപിച്ചിരുന്നു. വാക്‌സിൻ അനുമതി സംബന്ധിച്ച് ശുഭ വാർത്ത ഈ ആഴ്ച്ച തന്നെയുണ്ടാകും. വിദഗ്ധ സമിതി ശുപാർശ ഡ്രഗ്സ് കണ്ട്രോൾ ജനറൽ പരിശോധിച്ചു വരികയാണ്. ഡിസിജിഐയുടെ അനുമതി കിട്ടിയാലുടൻ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി വാക്സിന് വേണ്ടി കേന്ദ്ര സർക്കാർ ബന്ധപ്പെടും. രണ്ടര കോടി പേർക്കുളള വാക്സിന് ഡോസുകളാണ് ആദ്യം വാങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലി ജിറ്റിബി ആശുപത്രിയിൽ നേരിട്ടെത്തി ഡ്രൈ റൺ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാകും വാക്സിൻ നൽകുക. ദേശവ്യാപകമായി കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റൺ നടന്നു. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. വാക്സിൻ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണിൽ പരിശോധിച്ചു. ഒരോ കുത്തിവെപ്പ് കേന്ദ്രത്തിൽ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് മോക്ക് വാക്സിൻ നൽകിയത്.