കേന്ദ്ര വാക്സീൻ നയത്തിൽ നേരത്തെ സുപ്രീംകോടതി ഇടപെട്ടിരുന്നു. ആരെയും നിര്‍ബന്ധിച്ച് വാക്സീൻ എടുപ്പിക്കരുതെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ദില്ലി: രാജ്യത്തെ വാക്സീനേഷൻ പുരോഗതി വിലയിരുത്താൻ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറി. വിവിധ സംസ്ഥാനങ്ങളിലെ വാക്സിനേഷൻ വിലയിരുത്താനാണ് യോഗം. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യസെക്രട്ടറിമാർ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.
കേന്ദ്ര വാക്സീൻ നയത്തിൽ നേരത്തെ സുപ്രീംകോടതി ഇടപെട്ടിരുന്നു. ആരെയും നിര്‍ബന്ധിച്ച് വാക്സീൻ എടുപ്പിക്കരുതെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കൊവിഡ് കേസുകള്‍ കുറവാണെങ്കില്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് വാക്സീനേഷന്‍ നിര്‍ബന്ധമാക്കാരുതെന്നും വാക്സീൻ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചിരുന്നു.
ഭരണഘടനയിലെ ഇരുപത്തിയൊന്നാം അനുച്ഛേദം ചൂണ്ടിക്കാട്ടി വ്യക്തിക്ക് നിരസിക്കാനുള്ള അവകാശം ഉണ്ടെന്ന് സുപ്രീംകോടതി പറഞ്ഞത്. ആരെയും വാക്സീൻ എടുക്കാനായി നിർബന്ധിക്കാൻ കഴിയില്ല. ശരീരവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. എന്നാല്‍ പൊതു ജനാരോഗ്യം കണക്കിലെടുത്തു വ്യക്തി സ്വാതന്ത്ര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാമെന്നും കോടതി പറഞ്ഞു. പല സംസ്ഥാനങ്ങളും ഇപ്പോള്‍ ഏർപ്പെുത്തിയ നിയന്ത്രണങ്ങള്‍ ആനൂപാതികമല്ലെന്നും സുപ്രീം കോടതി വിലയിരുത്തി.
കൊവിഡ് മാനദണ്ഡങ്ങള് പാലിച്ചുള്ള പൊതു ഇടങ്ങളിലെ പെരുമാറ്റം ശരിവെക്കുന്നു. എന്നാല്‍ കേസുകള്‍ കുറഞ്ഞതിനാല്‍ വാക്സീന്‍ എടുക്കാത്തവരെ പൊതു ഇടങ്ങളില്‍ പ്രവേശിപ്പിക്കാതിരിക്കന്നതോ സേവനങ്ങള്‍ വിലക്കുന്നതോ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം തീരുമാനങ്ങള്‍ ഏർപ്പെടുത്തിയവര്‍ അത് പിന്‍വലിക്കണമെന്നും സുപ്രീകോടതി ആവശ്യപ്പെട്ടു. വാക്സീൻ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അടിയന്തരമായി പരസ്യപ്പെടുത്തണമെന്നും കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
ഡോക്ടർമാരില്‍ നിന്നും ജനങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള വിവരമെടുത്ത് വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താത്ത രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിർദേശം. മുന്‍ വാക്സിനേഷന്‍ വിദഗ്ധ സമിതി അംഗം നല്‍കിയ ഹർജിയിലാണ് സുപീംകോടതിയുടെ ഇടപെടല്‍. എന്നാല്‍ ഹർജി ദേശീയ താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും വാക്സീന്‍ വിമുഖതയിലേക്ക് നയിക്കുമെനും കേന്ദ്രസർക്കാര്‍ വാദിച്ചിരുന്നു. വാക്സീനേഷന്‍ നിര്‍ബന്ധമല്ലെന്നും സംസ്ഥാനങ്ങള്‍ പ്രത്യക സാഹചര്യം കണക്കിലെടുത്ത് നിര്‍ബന്ധമാക്കുകയായിരുന്നുവെന്നും കേന്ദ്രസർക്കാർ പറഞ്ഞിരുന്നു.
വാക്സീനുകളുടെ ട്രയല്‍ വിവരങ്ങള്‍ പൊതുജനമധ്യത്തിലുണ്ടെന്ന് സിറം ഭാരത് ബയോടെക് കന്പനികള്‍
നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. വാക്സീനെടുക്കുന്നത് നിര്‍ബന്ധമാക്കിയത് പൊതു സുരക്ഷ കണക്കിലെടുത്താണെന്നായിരുന്നു തമിഴ്നാട് മധ്യപ്രദേശ് മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ വാദം
അതേസമയം കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 193.53 കോടിയിൽ അധികം (1,93,53,58,865) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. 16.93 കോടിയിൽ അധികം (16,93,99,310) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും കേന്ദ്രം അറിയിച്ചു.
